കോഴിക്കോട്: മോഷണം ആരോപിച്ച് ബ്ളാക്ക് മെയിലിങ്ങിലൂടെ ഹൈപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് എന്‍ഐടി പ്രൊഫസറെ കൊള്ളയടിച്ച സംഭവത്തില്‍ പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. ഫോക്കസ് ഹെപ്പര്മാര്ക്കറ്റിന്റെ അഞ്ച് ബ്രാഞ്ചുകളുടെ അസി.ജനറൽ മാനേജരും വടകര സ്വദേശിയുമായ യാഹിയ, കവര്‍ച്ചയ്ക്ക് കൂട്ടുനിന്ന ഇന്‍വന്ററി മാനേജര്‍ കമല്‍രൂപ് എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതി ഇന്ന് പരിഗണിക്കുന്നത്. ഇരുവരേയും കഴിഞ്ഞ ദിവസം ഹൈപ്പര്‍മാര്‍ക്കറ്റ് മാനേജ്മെന്റ് പുറത്താക്കിയതായി അവകാശപ്പെട്ടിരുന്നു.
എന്നാല്‍ മുന്‍കൂര്‍ ജാമ്യത്തിന് പിന്നിലുള്ളത് മാനേജ്മെന്റു തന്നെയാണെന്നാണ് വിവരം. കൊള്ളയടിക്കപ്പെട്ട പ്രൊഫസറെ മോഷ്ടാവായി ചിത്രീകരിച്ച് മാനേജ്മെന്റ് പുറത്തിറക്കിയ വ്യാജ ന്യൂസ് ചാനൽ വീഡിയോ ക്ളിപ്പിങ്ങിനെക്കുറിച്ച് അന്വേഷണം ഊർജിതമാക്കി. വ്യാജ ചാനലിലെ വനിതാ ന്യൂസ് റീഡറെ കണ്ടെത്താൻ തിരക്കിട്ട അന്വേഷണമാണ് നടക്കുന്നത്. ഇതിന്റെ ഭാഗമായി പരസ്യവീഡിയോകൾ തയാറാക്കുന്ന സ്റ്റുഡിയോകളുടെ വിവരങ്ങൾ പോലീസ് ശേഖരിച്ചുവരികയാണ്.
അതേസമയം പ്രതികളെ അറസ്റ്റ് ചെയ്യുന്നതിന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മേല്‍ കടുത്ത സമ്മർദ്ദമാണുള്ളത്. ഉന്നതപോലീസുദ്യോഗസ്ഥരുമായി അടുത്തബന്ധമാണ് പ്രതികള്ക്കുള്ളതെന്നാണറിയുന്നത്. പുതുതായിഉന്നത പോലീസുദ്യോഗസ്ഥര്‍ കോഴിക്കോട് ചുമതലയേറ്റാല്‍ ഓഫീസില്‍ നേരിട്ടെത്തി ബന്ധം സ്ഥാപിക്കുകയും പിന്നീട് വീട്ടില്‍ പോയി കാണുന്നതും പതിവാണ്.
നേരത്തെ രഹസ്യാന്വേഷണ വിഭാഗം പോലീസുദ്യോഗസ്ഥരുടെ ഓഫീസുകളുടെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്ന് ഇക്കാര്യം വ്യക്തമായിരുന്നു. പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി തീരുമാനം വരുന്നതിനു മുമ്പ് അറസ്റ്റ് വേണ്ടെന്ന നിര്‍ദേശം നല്‍കാനും ഇവരുമായുള്ള അടുപ്പമാണ് കാരണം.
നിസാര കേസില്‍ പോലും ഒളിവില്‍ പോവുന്ന പ്രതികളുടെ കോള്‍ ഡീറ്റൈയില്‍സ് സൈബര്‍ സെല്ലില്‍ നിന്ന് ശേഖരിക്കുകയും പരിശോധിച്ച് ഇവര്‍ എവിടെയാണെന്ന് കണ്ടെത്തുകയുമാണ് ചെയ്യാറുള്ളത്. എന്നാല്‍ സംഭവം നടന്ന് ഒരാഴ്ചയാവാറായിട്ടും സൈബര്‍സെല്‍ വഴി ഇതിനുള്ള നീക്കം നടത്തുന്നതിനും അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മേല്‍ വിലക്കുണ്ടെന്നാണ് ലഭിക്കുന്ന വിവരം.
അതേസമയം സമ്മദ്ദങ്ങള്ക്കു നടുവിലും ഹൈപ്പര്‍മാര്‍ക്കറ്റിലെ തട്ടിപ്പിനെ കുറിച്ച് കൂടുതല്‍ അന്വേഷണം നടത്താനാണ് അന്വേഷണസംഘം തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി പ്രതികളുടെയും സാഥാപനത്തിന്റെയും ബാങ്ക് അക്കൗണ്ട് ഡീറ്റൈയില്‍സ് പരിശോധിക്കുന്നുണ്ട്. കൂടാതെ സ്ഥാപനത്തിലെ കച്ചവടത്തിന്റെ രേഖകളും പോലീസ് പരിശോധിച്ചുവരികയാണ്.
ബ്ലാക്ക്മെയിലിംഗിലൂടെ പണം കമ്പനിയുടെ അക്കൗണ്ടിലേക്ക് എത്തിയിട്ടുണ്ടെന്ന് കണ്ടെത്തി. ഇക്കാര്യമാണ് പ്രധാനമായി അന്വേഷിക്കുന്നത്. തട്ടിപ്പിനിരയായ കൂടുതൽപേർ ബന്ധപ്പെട്ടിട്ടുണ്ടെങ്കിലും നിയമനടപടികള്‍ക്ക് താത്പര്യമില്ലെന്നും മാനഹാനി ഭയന്നാണ് ഇതില്‍ നിന്നും പിന്മാറുന്നതെന്നുമാണ് ഇവര്‍ പോലീസിനോട് പറയുന്നത്. ഹൈപർ മാർക്കറ്റ് തട്ടിപ്പിനെക്കുറിച്ചുള്ള വാർത്തകൾ തടയാൻ മിക്ക മാധ്യമങ്ങൾക്കുമേലും സമ്മർദ്ദമുണ്ട്.