തിരുവനന്തപുരം: ഇടുക്കി ജില്ലയിലെ ഭൂമികൈയേറ്റങ്ങളുടെ കൃത്യമായ കണക്കെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യത്തിൽ തുടർ നടപടിയെടുക്കാൻ കളക്ടർക്ക് നിർദേശം നൽകിയതായും മന്ത്രിസഭായോഗത്തിനുശേഷം വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി വിശദമാക്കി.
ജില്ലയിലെ പട്ടയമില്ലാത്ത ഭൂമിയും നിർമാണങ്ങളും സർക്കാർ ഏറ്റെടുക്കും. കെട്ടിട നിർമാണത്തിന് പുതിയ ചട്ടം രൂപീകരിക്കാൻ തദ്ദേശ വകുപ്പിന് അനുമതി നൽകിയതായും ഇടുക്കിക്കു മാത്രമായിരിക്കും ഇളവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. 1,06,450 പേർക്ക് ഇതുവരെ പട്ടയം നൽകിയെന്നും രവീന്ദ്രൻ പട്ടയങ്ങളുടെ പരിശോധന ഉടൻ പൂർത്തിയാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പട്ടയം നൽകുന്നതിലെ കാലതാമസം ഒഴിവാക്കാൻ നടപടിക്രമങ്ങൾ ലഘുകരിച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കി. കൈയേറ്റവും പട്ടയവുമായി ബന്ധപ്പെട്ട് മൂന്നാർ ട്രൈബ്യൂണലിൽ നിലനിന്നിരുന്ന കേസുകൾ കോടതിയിലേക്ക് മാറ്റുമെന്നും ഇതിനായി ഓർഡിനൻസ് ഇറക്കാൻ ഗവർണറോട് ശിപാർശ ചെയ്യുമെന്നും മുഖ്യമന്ത്രി വിശദമാക്കി.