തലശേരി: തലശേരി റെയില്‍വെ സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ് ഫോമിന് മുന്നിലെ ഓട്ടോറിക്ഷ പ്രീപെയ്ഡ് കൗണ്ടറിന്റെ പ്രവര്‍ത്തനം സംബന്ധിച്ച് മോട്ടോര്‍ വാഹന വകുപ്പും പോലീസും അന്വേഷണം ആരംഭിച്ചു. രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് പോലീസും രാഷ്ട്രദീപിക വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് തിരുവനന്തപുരം ട്രാന്‍സ്പോര്‍ട്ട് ഡെപ്യൂട്ടി കമ്മീഷണര്‍ രാജീവ് പുത്തലത്തിന്റെ നിര്‍ദേശപ്രകാരം മോട്ടോര്‍ വാഹന വകുപ്പും അന്വേഷണം ആരംഭിക്കുകയായിരുന്നു.
മലബാര്‍ കാന്‍സര്‍ സെന്ററിലേക്ക് രോഗികളെ സൗജന്യമായി കൊണ്ടുപോകുമെന്ന വാഗ്ദാനത്തോടെ തുടങ്ങിയ പ്രീ പെയ്ഡ് കൗണ്ടറിലൂടെ കഴിഞ്ഞ ഏഴു വര്‍ഷമായി സ്വരൂപിച്ച അര ക്കോടിയോളം രൂപയുടെ കണക്കുകള്‍ സംബന്ധിച്ച ദുരൂഹത തുടരുകയാണ്. ഇതിനിടയില്‍ കൗണ്ടര്‍ വഴി പിരിക്കുന്ന പണത്തില്‍ പോലീസ് ഔട്ട്പോസ്റ്റിന്റെ നാമമാത്രമായ കറന്റ് ബില്‍ മാത്രമാണ് ജെസിഐ അടയ്ക്കുന്നതെന്നും ബാക്കി പണം ജെസിഐ തന്നെയാണ് കൈകാര്യം ചെയ്യുന്നതെന്നും പോലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി.
പ്രീപെയ്ഡ് കൗണ്ടറിന്റെ ദുരൂഹമായ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിജിലന്‍സ് അന്വേഷണം നടത്തണമെന്ന് ബിജെപി ജില്ലാ സെക്രട്ടറി എന്‍.ഹരിദാസ് ആവശ്യപ്പെട്ടു. മാസത്തില്‍ 30,000 മുതല്‍ 50,000 വരെ രൂപ വരുമാനമുള്ള, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പ്രീ പെയ്ഡ് കണ്ടറിലെ വരുമാനം ആരാണ് കൈകാര്യം ചെയ്യുന്നതെന്ന് വ്യക്തമാക്കണമെന്ന് ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറി എം.പി.ഷമീര്‍ ആവശ്യപ്പെട്ടു.
രണ്ടു ഷിഫ്റ്റുകളിലായി രണ്ടു ജീവനക്കാര്‍ക്കായി 14,000 രൂപയാണ് ശമ്പളം നല്‍കുന്നത്. നാമമാത്രമായിട്ടുള്ള കറന്റ് ബില്ലും കഴിഞ്ഞാല്‍ ബാക്കി വരുന്ന ഭീമമായ സംഖ്യ എവിടെ പോയെന്ന് വ്യക്തമാക്കാത്തപക്ഷം ഡിവൈഎഫ്ഐ ശക്തമായ പ്രക്ഷോഭം നടത്തുമെന്നും എം.പി.ഷമീര്‍ പറഞ്ഞു.
യാത്രക്കാരില്‍ നിന്ന് രണ്ട് രൂപ വാങ്ങി നല്കുന്ന രസീതില്‍ തുക രേഖപ്പെടുത്താത്തത് സംബന്ധിച്ച് രഹസ്യാന്വേഷണ വിഭാഗം നേരത്തെ തന്നെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നെങ്കിലും നടപടിയൊന്നും ഉണ്ടായിരുന്നില്ല. വരുമാനം ആര്‍ക്കാണെന്ന വിവരാവകാശ പ്രകാരമുള്ള ചോദ്യത്തിന് ബന്ധപ്പെട്ടവര്‍ ഇനിയും മറുപടിയും നല്‍കിയിട്ടില്ല.