ബിജെപി പ്രവർത്തകർക്ക് ഇനി മുതൽ സുന്ദരികളായ കാഷ്മീരി പെണ്‍കുട്ടികളെ വിവാഹം ചെയ്യാമെന്ന് ബിജെപി എംഎൽഎ വിക്രം സിംഗ്. കാഷ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 എടുത്ത് കളഞ്ഞതിന് പിന്നാലെയാണ് വിവാദ പരാമർശവുമായി ബിജെപി നേതാവ് രംഗത്തെത്തിയത്.
ഉത്തർപ്രദേശ് മുസാഫർനഗറിലെ ഖട്ടൗലി മണ്ഡലത്തിലെ എംഎൽഎയാണ് വിക്രം സിംഗ്. ആർട്ടിക്കിൾ 370 നീക്കം ചെയ്തത് ആഘോഷിക്കുന്നതിനിടെയാണ് അദ്ദേഹം ഇപ്രകാരം പറഞ്ഞത്. ബിജെപി പ്രവർത്തകർ വളരെ സന്തോഷത്തിലാണ്. വിവാഹം കഴിക്കാത്ത ബിജെപി പ്രവർത്തകർക്ക് ഇനി മുതൽ കാഷ്മീരി പെണ്‍കുട്ടികളെ വിവാഹം ചെയ്യാം. അവിടെ സ്ഥലം വാങ്ങാം. അതു കൊണ്ട് ബിജെപി പ്രവർത്തകർ ഏറെ സന്തോഷിക്കുകയാണ്.
നേരത്തെ ഉത്തർപ്രദേശിൽ നിന്നുള്ള ആരെയെങ്കിലും കാഷ്മീരി പെണ്‍കുട്ടികൾ വിവാഹം ചെയ്താൽ അവർക്ക് തങ്ങളുടെ പൗരത്വം നഷ്ടമാകുമായിരുന്നു. ഇന്ത്യയിലും കാഷ്മീരിലും രണ്ട് പൗരത്വമാണുണ്ടായിരുന്നത്. പാർട്ടിയിലെ മുസ്ലീം പ്രവർത്തകർക്ക് ഇനി സന്തോഷിക്കാം. അവർക്ക് സുന്ദരികളായ കാഷ്മീരി പെണ്‍കുട്ടികളെ വിവാഹം ചെയ്യാം. അത് ഹിന്ദുവോ മുസ്ലീമോ ആണെങ്കിലും. അതു കൊണ്ടാണ് ഈ തീരുമാനത്തിൽ രാജ്യം മുഴുവൻ സന്തോഷിക്കുന്നത്.
സംഭവം ഏറെ വിവാദമായപ്പോൾ അദ്ദേഹത്തോട് വിശദീകരണം ആരാഞ്ഞിരുന്നു. എന്നാൽ താൻ പറഞ്ഞതിൽ ഒരു തെറ്റുമില്ലെന്നാണ് വിക്രം സിംഗിന്റെ വാദം.