ന്യൂഡൽഹി: ബിസിസിഐക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുൻ നായകൻ സൗരവ് ഗാംഗുലി. ഭിന്നതാല്‍പര്യത്തിന്റെ പേരില്‍ ദേശീയ ക്രിക്കറ്റ് അക്കാദമി തലവന്‍ രാഹുല്‍ ദ്രാവിഡിന് നോട്ടീസ് അയച്ച സംഭവത്തിലാണ് ബിസിസിഐക്കെതിരെ ഗാംഗുലി ആഞ്ഞടിച്ചത്.
വാര്‍ത്തകളില്‍ ഇടംപിടിക്കാനുള്ള കുറുക്കുവഴിയാണ് നോട്ടീസ് അയച്ചതിനു പിന്നിലെന്ന് ഗാംഗുലി പറഞ്ഞു. ഇന്ത്യൻ ക്രിക്കറ്റിലെ പുതിയ ഫാഷനാണ് ഭിന്ന താൽപര്യം. ഇന്ത്യന്‍ ക്രിക്കറ്റിനെ ഇനി ദൈവം രക്ഷിക്കട്ടെയെന്നും ഗാംഗുലി ട്വീറ്റ് ചെയ്തു.
ഗാംഗുലിയെ പിന്തുണച്ച് ഹർഭജൻ സിംഗും രംഗത്തുവന്നു. നോട്ടീസ് അയച്ചതിലൂടെ ദ്രാവിഡിനെ ബിസിസിഐ അപമാനിച്ചിരിക്കുകയാണെന്ന് ഹർഭജൻ ട്വിറ്ററിൽ പറഞ്ഞു. ഇത് എവിടേക്കാണ് പോകുന്നതെന്ന് അറിയില്ല. ഇന്ത്യൻ ക്രിക്കറ്റിന് അദ്ദേഹത്തെക്കാൾ മികച്ച വ്യക്തിയെ കണ്ടെത്താനാവില്ല. ക്രിക്കറ്റ് ഇതിഹാസത്തിന് നോട്ടീസ് അയച്ചതിലൂടെ അദ്ദേഹത്തെ അപമാനിച്ചു. ക്രിക്കറ്റിനെ കൂടുതൽ മെച്ചപ്പെടുത്താൻ അവരുടെ സേവനം ആവശ്യമാണ്. അതെ, ഇന്ത്യന്‍ ക്രിക്കറ്റിനെ ഇനി ദൈവം രക്ഷിക്കട്ടെ- ഹർഭജൻ ട്വീറ്റ് ചെയ്തു.
ഭിന്നതാല്‍പര്യമില്ലെന്ന് വ്യക്തമാക്കാന്‍ ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസമാണ് ബിസിസിഐ എത്തിക്സ് ഓഫിസര്‍ ദ്രാവിഡിന് കത്തയച്ചത്. ദേശീയ ക്രിക്കറ്റ് അക്കാദമി തലപ്പത്തിരിക്കുമ്പോള്‍ തന്നെ ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ ഉടമസ്ഥരായ ഇന്ത്യ സിമന്റ്സിന്റെ വൈസ് പ്രസിഡന്റ് സ്ഥാനത്തും തുടരുന്നവെന്നാണ് പരാതി.