ന്യൂഡൽഹി: മഴദിനത്തിൽ നിങ്ങൾക്കരികെ എല്ലായ്പ്പോഴുമുണ്ട്. കനത്തമഴയ്ക്കിടെ റോഡിലേക്ക് കടപുഴകി വീണ മരത്തിനരികിൽ നാട്ടുകാർക്കൊപ്പം രക്ഷാപ്രവർത്തനം നടത്തുന്ന ബുലന്ദ്ഷഹർ കോട്ട്വാലി നഗർ ഇൻസ്പെക്ടർ അരുണ റായിയുടെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് യുപി പോലീസ് ഫേസ്ബുക്കിൽ കുറിച്ച വാചകമാണിത്.
ലേഡി സിങ്കം എന്ന് സോഷ്യൽ മീഡിയ സ്നേഹത്തോടെ വിളിക്കുന്ന അവർ ബുലന്ദ്ശഹർ കോട്ട്വാലിയുടെ ചുമതലയാണ് നോക്കുന്നത്. കനത്ത മഴയിൽ കുടുങ്ങിപ്പോയവർക്കാണ് ഇൻസ്പെക്ടർ അരുണ റായിയും സംഘവും രക്ഷകരായത്.
ലേഡി സിങ്കത്തെയും സംഘത്തെയും സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു. 2019 മേയിൽ പാലിയ എന്ന കുറ്റവാളിയെ സിനിമാസ്റ്റൈലിൽ പിന്തുടർന്ന് അറസ്റ്റ് ചെയ്തത് വലിയ വാർത്തയായിരുന്നു. ഉത്തർപ്രദേശിലെ ഥാനയിൽ വച്ചായിരുന്നു സംഭവം.
വാഹനപരിശോധനയ്ക്കിറങ്ങിയതായിരുന്നു അരുണ റായിയുടെ നേതൃത്വത്തിൽ പോലീസ് ഉദ്യോഗസ്ഥർ. ഇതിനിടയിൽ കാർ പരിശോധിക്കാൻ തുടങ്ങിയ കോണ്‍സ്റ്റബിളിനെ കാറിനുള്ളിലിരുന്ന വ്യക്തി ആക്രമിച്ചു.
കോണ്‍സ്റ്റബിളിനെ മർദിച്ച് അവിടെ നിന്ന് കാറിൽ കടന്ന പാലിയയെ അരുണയുടെ നേതൃത്വത്തിലുള്ള സംഘം പിന്തുടർന്നു. അരുണ പോലീസ് വാഹനത്തിൽ നിന്നിറങ്ങി തോക്കുമായി അയാൾക്ക് പുറകെ തെരുവിലൂടെ ഓടി. 40 മിനിട്ട് നീണ്ടുനിന്ന പിന്തുടരലിന് ശേഷം പാലിയയെ അരുണയും സംഘവും അറസ്റ്റ് ചെയ്തു.
തോക്കുമേന്തി കൂളിങ് ഗ്ലാസ് ധരിച്ച് കുറ്റവാളിക്ക് പുറകെ ഓടുന്ന അരുണയുടെ ചിത്രം അന്ന് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.