പയ്യന്നൂര്‍: നിരവധി തട്ടിപ്പുകള്‍ കണ്ടും കേട്ടും മടുത്തവര്‍ക്കിടയില്‍ പാറ്റയുടേയും കൊതുകിന്റെയും പേരിലുള്ള പുതിയ തട്ടിപ്പ്. പയ്യന്നൂര്‍ കോ-ഓപ്പറേറ്റീവ് സ്റ്റോറിന് എതിര്‍വശത്തായാണ് കുറച്ചു ദിവസമായി ഈ തട്ടിപ്പ് അരങ്ങേറുന്നത്. രണ്ടുപേരടങ്ങുന്ന സംഘമാണ് ഈ തട്ടിപ്പിന്റെ കണ്ണികള്‍. വില്പനക്കാരന്റെ അനൗണ്‍സ്മെന്റിലാണ് ആളുകള്‍ വീഴുന്നത്.
ഈ ഉപകരണം കറന്റിൽ കുത്തിവെച്ചാല്‍ രണ്ടായിരം സ്ക്വയര്‍ ഫീറ്റിനുള്ളില്‍ എലി, പല്ലി, പാറ്റ, ചിലന്തി, കൊതുക് എന്നിവയുണ്ടാകില്ല എന്നാണ് അനൗണ്‍സ്മെന്റ്. മൂന്ന് ദിവസം കഴിഞ്ഞാലെ ഇതിന്റെ ഫലം കാണുകയുള്ളുവെന്നും ഇയാളുടെ വിശദീകരണം. ആളുകള്‍ കൂടുന്നതോടെ ഒരാളെത്തി എനിക്ക് ഒന്നുകൂടി വേണം, പെങ്ങളുടെ വീട്ടിലേക്കാ എന്ന് പറഞ്ഞ് പൈസ കൊടുത്ത് ഒരെണ്ണം വാങ്ങുന്നു.
ഞാനിന്നലെ ഒരെണ്ണം വാങ്ങി നല്ല സാധനമാ എന്ന് കൂടിനില്‍ക്കുന്നവരോട് ഇയാള്‍ പറയുന്നതോടെ ശങ്കിച്ച് നിന്നവരെല്ലാം നൂറ് രൂപ കൊടുത്ത് വാങ്ങുകയായി. വീട്ടില്‍കൊണ്ടുപോയി കറന്റില് കുത്തി മൂന്ന് ദിവസം കഴിഞ്ഞപ്പോഴാണ് കബളിപ്പിക്കപ്പെട്ടെന്ന് എല്ലാവര്ക്കും മനസിലായത്.
പെങ്ങളുടെ വീട്ടിലേക്കെന്ന് പറഞ്ഞ് സ്ഥിരമായി ഇത് വാങ്ങുന്നവന് വില്പനയിലെ കണ്ണിയാണെന്ന് സമീപത്തെ മറ്റു വ്യാപാരികള്‍ക്ക് ബോധ്യമായതോടെ ഇനി മേലാല്‍ ഇവിടെ കണ്ടുപോകരുതെന്ന് താക്കീത് നല്‍കിയിരിക്കുകയാണ് വ്യാപാരികള്‍.