കാഞ്ഞാർ: ആസാം സ്വദേശി ജോലി വാഗ്ദാനം ചെയ്ത് തൊടുപുഴയിലെത്തിച്ച് പീഡനത്തിന് വിധേയമാക്കിയ പ്രായപൂർത്തിയാകാത്ത ആസാം സ്വദേശിനിയായ പെണ്‍കുട്ടി ഇന്നലെ പുലർച്ചെ കുടയത്തൂർ നിർഭയയിൽ നിന്നും ഒളിച്ചോടി. ആസാം റുപ്പുകി പോലീസ് സ്റ്റേഷൻ പരിധിയിലെ ഷെഫീക്കുൾ ഇസ്ലാം(27) ആണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
പെണ്‍കുട്ടിയെ കുടയത്തൂരിൽ പ്രവർത്തിക്കുന്ന നിർഭയയിലേക്ക് അയച്ചു. ഇന്നലെ പുലർച്ചെ നിർഭയയിലെ പിൻവശത്തെ വാതിലിന്റെ താഴ് പൊളിച്ചാണ് പെണ്‍കുട്ടി പുറത്ത് കടന്നത്.
റോഡിലെത്തിയ പെണ്‍കുട്ടി ബസിൽ കയറി തൊടുപുഴയിലെത്തി എറണാകുളത്തിന് പോയി. വിവരമറിഞ്ഞ പോലീസ് എല്ലാ സ്റ്റേഷനിലേക്കും റെയിൽവേ സ്റ്റേഷനിലേക്കും വിവരം കൈമാറി. ഇന്നലെ ഉച്ചകഴിഞ്ഞ് എറണാകുളം റെയിൽവേ സ്റ്റേഷന്റെ സമീപത്തു നിന്നും കാഞ്ഞാർ പോലീസ് കുട്ടിയെ കണ്ടെത്തി.
അതീവ സുരക്ഷ ആവശ്യമുള്ള ഷെൽട്ടർ ഹോമിൽ നിരുത്തരവാദപരമായാണ് അധികൃതർ പെരുമാറുന്നതെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്. സിഐ അനിൽകുമാർ, എസ്ഐ സിനോദ്, സിപിഒ മാരായ ബിജു, സുനി,നിസമോൾ എന്നിവർ ചേർന്നാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ തൊടുപുഴ ചൈൽഡ് വെൽഫയർ ഹോമിൽ ഹാജരാക്കി.