കൊല്ലം :ട്രെയിനിൽനിന്ന് വീണ് പരിക്കേറ്റ് കിടന്ന യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും പുലർച്ചെ മരിച്ചു. കാസർകോഡ് സ്വദേശി മുഹമ്മദ് ഇർഫാൻ (22) ആണ് മരിച്ചത്. ഇന്നലെ രാത്രി ഒന്പതോടെ കൊല്ലൂർവിള ഭരണിക്കാവ് റെയിൽവേ ക്രോസിന് സമീപമാണ് മുഹമ്മദ് ഇർഫാനെ ട്രെയിനിൽനിന്ന് വീണ നിലയിൽ കാണപ്പെട്ടത്. ഉടൻതന്നെ കൊല്ലം ജില്ലാആശുപത്രിയിലെത്തിച്ചു.
പ്രാഥമിക ചികിത്സനൽകിയശേഷം വിദഗ്ധചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽകോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും പുലർച്ചെയോടെ മരിച്ചതായി പോലീസ് പറഞ്ഞു. മൃതദേഹം തിരുവനന്തപുരം മെഡിക്കൽകോളജ് ആശുപത്രി മോർച്ചറിയിൽ.
ഇർഫാൻ വീണുകിടന്ന സ്ഥലത്തുനിന്ന് ലഭിച്ച ബാഗ് ഇരവിപുരം പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇതിലുണ്ടായിരുന്ന ആധാർകാർഡിൽനിന്നാണ് വിവരങ്ങൾ ലഭിച്ചത്. പോലീസ് വിവരമറിയിച്ചതിനെതുടർന്ന് രാവിലെതന്നെ ബന്ധുക്കൾ തിരുവനന്തപുരത്തേക്ക് തിരിച്ചതായാണ് വിവരം.