സിജോ പൈനാടത്ത്
കൊച്ചി: ഭിന്നശേഷിയുള്ള വിദ്യാർഥികൾക്കു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നൽകുന്ന സ്കോളർഷിപ് സംബന്ധിച്ച സർക്കാർ ഉത്തരവിൽ അവ്യക്തത. ഇതുമൂലം സെറിബ്രൽ പാൾസി, ഓട്ടിസം എന്നീ വൈകല്യങ്ങളുള്ള വിദ്യാർഥികൾക്കു സ്കോളർഷിപ്പ് നിഷേധിക്കുന്നതായി രക്ഷിതാക്കൾ. മാനസിക വെല്ലുവിളികൾ നേരിടുന്ന വിദ്യാർഥികളുടെ ഗണത്തിൽ ഓട്ടിസം, സെറിബ്രൽ പാൾസി എന്നീ വൈകല്യങ്ങളെക്കുറിച്ചു പ്രത്യേക പരാമർശമില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണു ചില തദ്ദേശസ്ഥാപനങ്ങൾ സ്കോളർഷിപ് നിഷേധിക്കുന്നത്.
സാമൂഹ്യ സുരക്ഷാമിഷന്റെ ചുമതലയുള്ള മന്ത്രാലയം നേരത്തെയിറക്കിയ ഉത്തരവിൽ മാനസിക വൈകല്യമുള്ളവർ എന്നതിനൊപ്പം ബുദ്ധിമാന്ദ്യം, ഓട്ടിസം, സെറിബ്രൽ പാൾസി എന്നിവയുള്ളവർ എന്നു പ്രത്യേകം ചേർത്തിരുന്നു. സർക്കാർ ഇറക്കിയ പുതിയ ഉത്തരവിൽ ഈ രോഗവസ്ഥകളെക്കുറിച്ചു പ്രത്യേക പരാമർശങ്ങളില്ലെന്ന കാരണമാണ്, ഇവർക്കു സ്കോളർഷിപ്പുകൾ നിഷേധിക്കാൻ തദ്ദേശ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നത്. ഉത്തരവ് തയാറാക്കിയതിലെ അപാകത നൂറുകണക്കിനു ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്കാണു തിരിച്ചടിയായത്.
2016ലെ ഉത്തരവുപ്രകാരം മാനസിക വൈകല്യമുള്ള വിദ്യാർഥികൾക്കു 28500 രൂപയാണു പ്രതിവർഷം സ്കോളർഷിപ്പായി നൽകേണ്ടത്. പ്രതിമാസം 1000 രൂപയ്ക്കു പുറമേ, വസ്ത്രങ്ങൾക്കും പാഠപുസ്തകങ്ങൾക്കും പഠനസാമഗ്രികൾക്കുമുള്ള വാർഷിക ബത്തകൾ, ഡേ സ്കോളർക്കുള്ള പ്രതിമാസ ബത്ത, രക്ഷിതാവിനൊപ്പം ഉല്ലാസയാത്രയ്ക്കുള്ള ചെലവ് എന്നിവയുൾപ്പടെയാണ് ഈ തുക. നേരത്തെ പ്രതിവർഷം 20000 രൂപ വരെയായിരുന്നു സ്കോളർഷിപ്പ്.
സ്കോളർഷിപ്പ് തുകയിൽ വർധന വരുത്തിയിറക്കിയ സർക്കാർ ഉത്തരവിലെ അവ്യക്തതയാണ് ആശയക്കുഴപ്പമുണ്ടാക്കിയത്. പുതിയ അപേക്ഷകർക്കു പുറമേ, നേരത്തെ സ്കോളർഷിപ്പ് ലഭിച്ചിരുന്ന വിദ്യാർഥികളും പഠനസഹായം നിഷേധിക്കപ്പെട്ടവരുടെ കൂട്ടത്തിലുണ്ട്. തദ്ദേശസ്ഥാപനങ്ങൾ തനതു പദ്ധതി വിഹിതത്തിൽനിന്നു ഭിന്നശേഷിയുള്ളവരുടെ ക്ഷേമത്തിനായി മാറ്റിവയ്ക്കുന്ന അഞ്ചു ശതമാനം തുകയിൽ നിന്നാണു സ്കോളർഷിപ്പുകൾ നൽകിയിരുന്നത്.
വിദ്യാർഥിയുടേയും രക്ഷകർത്താവിന്റെയും പേരിലുള്ള ജോയിന്റ് അക്കൗണ്ടിലേക്ക് ഒറ്റത്തവണയോ രണ്ടു ഗഡുക്കളായോ സ്കോളർഷിപ്പു തുക നൽകാറുണ്ട്. സർക്കാർ ഉത്തരവിലെ അവ്യക്തതമൂലം മാനസിക വൈകല്യമുള്ള വിദ്യാർഥികൾ അനുഭവിക്കുന്ന ബുദ്ധിമുട്ട് സാമൂഹ്യ സുരക്ഷാമിഷന്റെ ചുമതലയുള്ള ആരോഗ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നു പേരന്റ്സ് അസോസിയേഷൻ ഫോർ ഇന്റലക്ച്വലി ഡിസേബിൾഡ് (പിഎഐഡി) സംസ്ഥാന പ്രസിഡന്റ് കെ.എം. ജോർജ് പറഞ്ഞു.
സ്കോളർഷിപ്പിനായി ഭിന്നശേഷിയുള്ള മക്കളുമായി തദ്ദേശസ്ഥാപനങ്ങൾ പലവട്ടം കയറിയിറങ്ങിയിട്ടും ഫലമുണ്ടാകാത്ത സ്ഥിതിയാണെന്നു മാതാപിതാക്കൾ പറയുന്നു.