കോട്ടയം: ജില്ലയുടെ കിഴക്കൻ മേഖലയിൽ മഴദുരിതം വർധിച്ചു. ബുധനാഴ്ച മുതൽ ആരംഭിച്ച മഴയിൽ ജില്ലയിലെ പ്രധാന നദികൾ കരകവിഞ്ഞു. കണമല, മൂക്കൻപെട്ടി, പഴയിടം, മുണ്ടക്കയം കോസ് വേ പാലങ്ങൾ വെള്ളത്തിലായി. പന്പ, അഴുത, മണിമല, മീനച്ചിൽ നദികൾ കരകവിഞ്ഞ് ഒഴുകുന്നു. ജില്ലയുടെ കിഴക്കൻ പ്രദേശങ്ങളിൽ മണ്ണിടിച്ചിൽ വ്യാപകമായി.
കോട്ടയം-കുമളി റോഡിൽ വണ്ടിപ്പെരിയാർ, പെരുവന്താനം എന്നിവിടങ്ങളിൽ വെള്ളം കയറി. തീക്കോയിൽ മണ്ണിടിച്ചിൽ ഉണ്ടായി. ഈരാറ്റപേട്ട-വാഗമണ്‍ റോഡിൽ ഗതാഗത തടസപ്പെട്ടിരിക്കുകയാണ്. മീനച്ചിലാറ്റിൽ ജലനിരപ്പ് ഉയർന്നതോടെ പാലായും പരിസര പ്രദേശങ്ങളിലും വെള്ളപ്പൊക്ക ഭീതിയുണ്ട്.
ജില്ലയുടെ പടിഞ്ഞാറൻ പ്രദേശങ്ങളിൽ ജനങ്ങൾ ഭീതിയോടെയാണു കഴിയുന്നത്. കിഴക്ക് മഴ ശക്തമായതോടെ മീനച്ചിലാറ്റിൽ ജലനിരപ്പ് ഉയരുന്നതിനാൽ കുമരകം, വൈക്കം, തിരുവാർപ്പ്, കാഞ്ഞിരം, കാരാപ്പുഴ, ചെങ്ങളം, കാഞ്ഞിരം, പാറേച്ചാൽ, കുമ്മനം, പരിപ്പ്, താഴത്തങ്ങാടി, ഇല്ലിക്കൽ, ചീപ്പുങ്കൽ, അയ്മനം, മുണ്ടാർ, കല്ലറ, വടയാർ, പ്രദേശങ്ങളിലെ ജനങ്ങൾ ഭീതിയോടെയാണ് കഴിയുന്നത്. പോയ വർഷമുണ്ടായ പ്രളയം ഇവിടങ്ങളിലെ ജനങ്ങൾക്ക് തീരാദുരിതമാണ് വരുത്തിവച്ചത്.