വയനാട്: ഉരുൾപൊട്ടലുണ്ടായ മേപ്പാടി പുത്തുമല പച്ചക്കാട്ടിൽ നാലു മൃതദേഹങ്ങൾ കണ്ടെത്തി. ഇതിൽ ഒരു കുട്ടിയും ഒരു സ്ത്രീയും രണ്ടു പുരുഷൻമാരുമാണുള്ളത്. ഒരു പുരുഷൻ തമിഴ്നാട് സ്വദേശിയാണ്. ഇടയ്ക്കിടെ മണ്ണിടിയുന്നത് രക്ഷാപ്രവർത്തനത്തിന് തടസം സൃഷ്ടിക്കുന്നുണ്ട്.
മോശം കാലാവസ്ഥയും ഇരുട്ടിനെയും തുടർന്ന് നിർത്തിവച്ച രക്ഷാപ്രവർത്തനം വെള്ളിയാഴ്ച രാവിലെയാണു തുടങ്ങിയത്. പ്രദേശത്ത് മണ്ണിടിച്ചിലും തുടരുന്നുണ്ട്. വെള്ളിയാഴ്ച രാവിലെ രക്ഷാപ്രവർത്തനം പുനരാരംഭിക്കും.
ഉരുൾപൊട്ടലിൽ നിരവധി വീടുകൾ മണ്ണിനടിയിൽ പെട്ടതായി പ്രദേശവാസികൾ പറഞ്ഞു. അന്പതു പേർ ഇവിടെ മണ്ണിനടിയിൽ കുടുങ്ങിയതായാണ് അനൗദ്യോഗിക റിപ്പോർട്ട്. 15 പേരെയാണ് ഇതുവരെ രക്ഷപ്പെടുത്തിയത്. എട്ടുപേരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാത്രി മുതൽ ഇവിടെ മണ്ണിടിച്ചിൽ ഉണ്ടായിരുന്നതായും പ്രദേശവാസികൾ പറയുന്നുണ്ട്.
വൈകിട്ട് അഞ്ചോടെയാണ് അതിഭീകര ഉരുൾപൊട്ടലുണ്ടായത്. രണ്ടു എസ്റ്റേറ്റു പാടിയും പള്ളിയും അന്പലവും മറ്റു സ്ഥാപനങ്ങളും ഉള്ള പ്രദേശത്താണ് ഉരുൾപൊട്ടിയത്. പുത്തുമലയുടെ ഒരു ഭാഗം അപ്പാടെ താഴേക്ക് ഒലിച്ചുപോകുകയായിരുന്നു. പുത്തുമല പച്ചക്കാട്ടിലെ ചായക്കടയിൽ ഉണ്ടായിരുന്നവർ ഭീകര ദൃശ്യം കണ്ട് ഓടി രക്ഷപ്പെട്ടു.
തേയിലത്തോട്ടത്തിൽ ജോലിക്കെത്തിയ ആസാം സ്വദേശികളടക്കം മുപ്പതിനും നാൽപ്പതിനും ഇടയിൽ ആളുകൾ മണ്ണിനടിയിൽ പെട്ടതായാണു വിവരം. റോഡുകളെല്ലാം ഒലിച്ചു പോയതിനാൽ രാത്രി 9.30-നും രക്ഷാപ്രവർത്തകർക്ക് ഇവിടേക്ക് എത്തിപ്പെടാൻ കഴിഞ്ഞില്ല.