കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് അതിവേഗം ഉയരുന്നു. വെള്ളിയാഴ്ച രാവിലെ മുല്ലപ്പെരിയാറിൽ ജലനിരപ്പ് 123 അടിയായി. ശക്തമായ മഴ തുടർന്നാൽ വെള്ളിയാഴ്ച പുലർച്ചയോടെ ജലനിരപ്പ് 120 അടി പിന്നിടുമെന്നായിരുന്നു കണക്കുകൂട്ടൽ എങ്കിലും ജലനിരപ്പ് ഇതിലും ഉയരുകയായിരുന്നു.
അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്തു കനത്ത മഴയാണുള്ളത്. സെക്കന്റിൽ 15,000-ൽ അധികം ഘനയടി വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. വ്യാഴാഴ്ച വൈകുന്നേരം 118 അടിയായിരുന്നു ജലനിരപ്പ്.
വ്യാഴാഴ്ച രാവിലെ ആറിന് 116 അടിയായിരുന്നു ജലനിരപ്പ.് വനത്തിനുള്ളിലെ കനത്ത മഴയാണ് ഡാമിലെ ജലനിരപ്പ് പെട്ടന്നുയരാൻ കാരണം. 142 അടിയാണു നിലവിൽ അണക്കെട്ടിന്റെ സംഭരണ ശേഷി. ഇതിൽ കൂടുതൽ വെള്ളമുയർന്നാൽ അണക്കെട്ട് തുറന്നു വിടും.
ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2329.24 അടിയാണ്. ഇടുക്കി അണക്കെട്ടിൽ ഒരു ദിവസം കൊണ്ട് മൂന്നടി വെള്ളമാണ് ഉയർന്നത്.