ചെറുതോണി: ചെറുതോണി അണക്കെട്ടിലെ ഷട്ടർ ഉയർത്തിയതിന് ഇന്ന് ഒരു വയസ്. 2018 ഓഗസ്റ്റ് ഒൻപതിന് ഉച്ചയ്ക്ക് 12.30നാണ് ചെറുതോണി അണക്കെട്ടിലെ ഷട്ടറിന്റെ പരീക്ഷണ തുറക്കൽ ചരിത്രത്തിന്റെ ഭാഗമായിത്തീർന്നത്.
650 ചതുരശ്ര കിലോമീറ്റർ വിസ്തൃതമാണ് ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടിപ്രദേശം. ഇടുക്കി, ചെറുതോണി, കുളമാവ് അണക്കെട്ടുകൾ ഒന്നിച്ചുചേർന്നുള്ള ജലാശയമാണ് ഇടുക്കിയിലേത്. ഇതിൽ ചെറുതോണി അണക്കെട്ടിൽ മാത്രമാണ് ഷട്ടറുള്ളത്. അഞ്ചു ഷട്ടറുകളാണിവിടുള്ളത്.
25 വർഷങ്ങൾക്കുശേഷം അണക്കെട്ടു തുറന്നതിന്റെ ആവേശത്തിലും സന്തോഷത്തിലുമായിരുന്നു അന്നു ജനങ്ങൾ. നാലു മണിക്കൂറിനു ശേഷം പരീക്ഷണാടിസ്ഥാനത്തിൽ തുറന്ന ഷട്ടർ അടയ്ക്കുമെന്നായിരുന്നു വൈദ്യുതി വകുപ്പ് അറിയിച്ചിരുന്നത്. നടുവിലത്തെ ഷട്ടറാണ് ഉയർത്തിയത്. ഷട്ടർ 50 സെന്റിമീറ്ററാണ് ഉയർത്തിയത്.
വൈകുന്നേരമായിട്ടും അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കുറയാതിരിക്കുകയും ജലനിരപ്പ് ക്രമപ്പെടുത്താൻ കഴിയാതെ വരികയും ചെയ്തതിനാൽ തുറന്ന ഷട്ടർ അടച്ചില്ല.
പിറ്റേന്നു രാവിലെയും ജലനിരപ്പ് ക്രമാതീതമായി ഉയർന്നുകൊണ്ടിരുന്നതിനാൽ ഘട്ടംഘട്ടമായി ഓരോ ഷട്ടറുകളും ഉയർ ത്തുകയായിരുന്നു.