തൃശൂർ: രണ്ടു പ്രസവശസ്ത്രക്രിയ (സിസേറിയൻ) കഴിഞ്ഞാൽ മൂന്നാമതൊരു കുഞ്ഞിനെക്കുറിച്ച് ചിന്തിക്കാൻപോലും ബുദ്ധിമുട്ടുന്നവരെ ഞെട്ടിച്ചിരിക്കുകയാണ് എറണാകുളം ജില്ലയിലെ നെട്ടൂർ സ്വദേശികളായ ദന്പതികളും ഡോ. ഫിന്റോ ഫ്രാൻസീസും.
ഇന്നലെ രാവിലെ എട്ടരയ്ക്ക് തൃശൂർ ജില്ലയിലെ കുഴിക്കാട്ടുശേരി മറിയം ത്രേസ്യ ഹോസ്പിറ്റലിൽ സിസേറിയനിലൂടെ ദന്പതികളുടെ എട്ടാമത്തെ കുഞ്ഞിനെ പുറത്തെടുത്തു. നെട്ടൂർ പള്ളിപ്പറന്പിൽ മാർട്ടിൻ ന്യൂനസിനും ലിനറ്റിനുമാണ് പെണ്കുഞ്ഞു പിറന്നത്. എട്ടു പ്രസവവും സിസേറിയനായിരുന്നു. കേരളത്തിൽതന്നെ ഇതാദ്യമാണ്.
മാർട്ടിൻ – ലിനറ്റ് ദന്പതിക ൾക്കു മക്കളായി മൂന്നു പെണ്‍കുട്ടികളും അഞ്ച് ആണ്‍കുട്ടികളും. മൂത്തവൾ ഗ്രേസ് അനീറ്റ പ്ലസ് ടു വിദ്യാർഥിയാണ്.
“ആദ്യ നാലു പ്രസവങ്ങൾ എറണാകുളത്തായിരുന്നു. അഞ്ചാമത്തെ കുഞ്ഞിനെ ഗർഭം ധരിച്ചതോടെ ഡോക്ടർമാരെല്ലാം കൈയൊഴിഞ്ഞു. അങ്ങനെയാണ് കിടങ്ങൂർ ലിറ്റിൽ ലൂർദ് ആശുപത്രിയിലെ ഡോ. സിസ്റ്റർ മാഴ്സലിറ്റിന്റെ അരികിലെത്തുന്നത്. അഞ്ചും ആറും സിസേറിയൻ അവിടെയായിരുന്നു.
ഏഴാമത്തെ കുഞ്ഞിനെ ഗർഭം ധരിച്ചിരിക്കുന്പോഴാണ് മാഴ്സലമ്മ മരിക്കുന്നത്. അങ്ങനെയാണ് പ്രോലൈഫ് പ്രവർത്തകനായ ഡോ. ഫിന്റോയുടെ അടുത്ത് കുഴിക്കാട്ടുശേരിയിൽ എത്തുന്നത്. ഏഴാമത്തെയും എട്ടാമത്തെയും സിസേറിയൻ ചെയ്യാൻ ഞാനും ഈ ആശുപത്രിയും നിമിത്തമായതിൽ ഏറെ സന്തോഷവും ദൈവത്തിനു നന്ദിയുമുണ്ടെന്നു ഡോ. ഫിന്റോ ഫ്രാൻസിസ് പറഞ്ഞു.
വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയുടെയും മാഴ്സലമ്മയുടെയും പേരു ചേർത്ത് മറിയം മാഴ്സലറ്റ് എന്നാണ് പേരിടാൻ ഉദ്ദേശിക്കുന്നതെന്ന് കെസിബിസി പ്രൊലൈഫ് സംസ്ഥാന സമിതി സെക്രട്ടറി കൂടിയായമാർട്ടിൻ പറഞ്ഞു. കെസിബിസി പ്രൊലൈഫ് സമിതി സംസ്ഥാന പ്രസിഡന്റ് സാബു ജോസ്, വരാപ്പുഴ അതിരൂപത പ്രസിഡന്റ് ജോണ്സണ് സി. ഏബ്രഹാം, വരാപ്പുഴ അതിരൂപത ഫാമിലി ആൻഡ് പ്രൊലൈഫ് ഡയറക്ടർ ഫാ. ആന്റണി കോച്ചേരി, സെക്രട്ടറി ലിസ തോമസ്, ടാബി ജോർജ് എന്നിവർ ആശുപത്രിയിലെത്തി മാതാപിതാക്കളെ അനുമോദിച്ചു.
ഹോളിഫാമിലി മദർ ജനറൽ സിസ്റ്റർ ഉദയ, ജനറൽ കൗണ്‍സിലർ ആനി കുര്യാക്കോസ്, ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ ട്രീസ വർഗീസ് എന്നിവരും അമ്മയെയും കുഞ്ഞിനെയും സന്ദർശിച്ചു.
സെബി മാളിയേക്കൽ