കോഴിക്കോട് / നാദാപുരം /കുറ്റ്യാടി : കാലവര്‍ഷക്കെടുതിയില്‍ ജില്ലയില്‍ നാല് മരണം. ഉരുള്‍പൊട്ടിയും വെള്ളത്തില്‍ വീണുമാണ് മരണം. വിലങ്ങാട് ഉരുള്‍പൊട്ടി മൂന്നുപേരെ കാണാതായി. ഒട്ടേറെ വീടുകള്‍ മണ്ണിനടിയിലാണ്. വാണിമേല്‍ പഞ്ചായത്തിലെ വിലങ്ങാട് ആലിമൂലയിലാണ് ഉരുള്‍പൊട്ടിയത്.
മാപ്പലകയില്‍ ദാസിന്റെ ഭാര്യ ലിസി(43)യുടെ മൃതദേഹം കണ്ടെത്തി. മറ്റുള്ളവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. കുറ്റിക്കാട്ടില്‍ ബെന്നി (55) ഭാര്യ മറിയകുട്ടി(52) , ഇവരുടെ മകന് അഖില്‍ (21) എന്നിവരെയാണ് കാണാതായത്. ഉരുള്‍പൊട്ടിയിറങ്ങിയ മണ്ണിനടിയില്‍ കുടുങ്ങി കിടന്ന ലിസിയുടെ ഭര്‍ത്താവ് ദാസിനെ നാട്ടുകാര്‍ രക്ഷപ്പെടുത്തി.
ഇന്നലെ രാത്രി 11.15 ഓടെയാണ് ഇവരുടെ വീടിന്റെ മുകള്‍ ഭാഗത്തുള്ള കൃഷിയിടത്തില്‍ ഉരുള്‍പൊട്ടിയത്. ഒരു നില കോണ്‍ക്രീറ്റ് വീട് പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ഈ മേഖലകളിലെ കൃഷിയിടങ്ങളും പൂര്‍ണമായും നശിച്ചിട്ടുണ്ട്.
ഉരുള്‍ ഒലിച്ചിറങ്ങിയ വഴിയിലെ താമസക്കാരന് മാര്ട്ടിന് മൈലക്കുഴിയുടെ ഭാര്യ ജ്യോത്സ്ന, മകള്‍ രണ്ട് വയസ് കാരി അല്‍ഫോണ്‍സ, ജ്യോത്സനയുടെ മാതാവ്, വല്യമ്മ എന്നിവര്‍ വൈകുന്നേരം ആറ് മണിയോടെ മലയങ്ങാട് വീട്ടിലേക്ക് പോയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ഇവരുടെ വീട് പൂര്‍ണ്ണമായും മണ്ണിനടിയിലാണ് . ലിസിയുടെ മൃതദേഹം വീട്ടില്‍ നിന്ന് നൂറുമീറ്റര്‍ മാറിയാണ് കണ്ടെത്തിയത്.
വെള്ളപ്പൊക്കവും മണ്ണിടിച്ചിലും കാരണം രക്ഷാപ്രവര്‍ത്തനത്തിന് ആദ്യഘട്ടത്തില്‍ സാധിച്ചിരുന്നില്ല. മണിക്കൂറുകള്‍ക്കു ശേഷമാണ് ഫയര്‍ഫോഴ്സിനും മറ്റു രക്ഷാപ്രവര്‍ത്തകര്‍ക്കും സ്ഥലത്തെത്താന്‍ സാധിച്ചത്. കോഴിക്കോട് കുറ്റ്യാടിയില്‍ രണ്ടു പേര് വെള്ളത്തില്‍ മുങ്ങി മരിച്ചു. സിറാജുല്‍ ഹുദ മാനേജര്‍ മാക്കൂല്‍ മുഹമ്മദ്, ഷരീഫ് സഖാഫി എന്നിവരാണ് മരിച്ചത്.
കുറ്റ്യാടി ടൗണിലെ സിറാജുല്‍ ഹുദാ മസ്ജിദില്‍ ഇന്നലെ രാത്രി വെള്ളം കയറിയിരുന്നു. ഇവിടെ വേണ്ട കാര്യങ്ങള്‍ ചെയ്ത ശേഷം ഒരു മണിയോടെ വളയന്നൂരിലെ വീട്ടിലേക്ക് പോവുകയായിരുന്നു ഇരുവരും. സമീപത്തെ വയല്‍ നിറഞ്ഞ് റോഡില്‍ ഒരാള്‍ പൊക്കത്തില്‍ വെള്ളം കയറിയിരുന്നു. ഇവിടെ കാല് തെറ്റി വെള്ളത്തില്‍ വീഴുകയായിരുന്നു. ഒപ്പമുള്ളവര്‍ നീന്തി കരയ്ക്കെത്തി. ട്യൂബ് പോലും ഇല്ലാത്തതിനാല്‍ രാത്രിയില്‍ രക്ഷാപ്രവര്‍ത്തനം ദുഷ്ക്കരമായിരുന്നു. ഇന്ന് രാവിലെയാണ് മൃതദേഹങ്ങള്‍ കിട്ടിയത്. വെള്ളത്തില്‍ വീണ് തലയടിച്ച് വേങ്ങേരിയില്‍ ഒരാള്‍ മരിച്ചു.
മഴക്കെടുതി രൂക്ഷമാവുന്ന സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് എന്‍ഡിആര്‍എഫ് 25 അംഗ ടീമിനെ അയച്ചിട്ടുണ്ട്. ബിഎസ്എഫിന്റെ ഇരുപതംഗ സംഘം ഇന്നലെ തന്നെ താമരശ്ശേരിയില്‍ എത്തിയിട്ടുണ്ട്. അഗ്നിരക്ഷാസേനയുടെയും വിവിധ സന്നദ്ധസംഘടനകളുടെയും റെസ്ക്യൂ ടീമുകളും സജീവമായി രംഗത്തുണ്ട്.
ജില്ലയില്‍ ഇന്ന് പുലര്‍ച്ചെവരെ 46 ദുരിതാശ്വാസ ക്യാമ്പുകളായി 510 കുടുംബങ്ങളെയാണ് മാറ്റി താമസിപ്പിച്ചിട്ടുള്ളത്. ഇവിടങ്ങളില്‍ 1653 പേരാണുള്ളത്. താമരശേരി, തിരുവമ്പാടി, മാവൂര്‍, മുക്കം, പടനിലം, തുടങ്ങി സ്ഥലങ്ങളിലെല്ലാം ഗതാഗതം തടസപ്പെട്ടു. പുഴകളും തോടുകളും കരകവിഞ്ഞൊഴുകിയതോടെയാണ് ഗതാഗതം തടസപ്പെട്ടത്.
ഇവിടെയുള്ളവരെ ദുരിതാശ്വാസ കാമ്പുകളിലേക്ക് മാറ്റുന്നുണ്ട്. മലയോരമേഖലയ്ക്കു പുറമേ കോഴിക്കോട് നഗരത്തിലും കനത്ത മഴയാണ് ഇന്ന് രാവിലെയുണ്ടായിരുന്നത്. തുടര്‍ച്ചയായി പെയ്യുന്ന മഴയില്‍ നഗരത്തിന്റെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലാണ്. മാവൂര്‍ റോഡ്, പുതിയബസ്റ്റാന്‍ഡ്, സ്റ്റേഡിയം ജംഗ്ഷന്, ഹരിതനഗര്‍ കോളനി,മൂഴിക്കല്‍ , എരഞ്ഞിപ്പാലം തുടങ്ങി ഭാഗങ്ങളിലെല്ലാം വെള്ളം കയറിയിട്ടുണ്ട്.