കോഴിക്കോട് / നാദാപുരം /കുറ്റ്യാടി : കാലവര്‍ഷക്കെടുതിയില്‍ ജില്ലയില്‍ നാല് മരണം. ഉരുള്‍പൊട്ടിയും വെള്ളത്തില്‍ വീണുമാണ് മരണം. വിലങ്ങാട് ഉരുള്‍പൊട്ടി മൂന്നുപേരെ കാണാതായി. ഒട്ടേറെ വീടുകള്‍ മണ്ണിനടിയിലാണ്. വാണിമേല്‍ പഞ്ചായത്തിലെ വിലങ്ങാട് ആലിമൂലയിലാണ് ഉരുള്‍പൊട്ടിയത്.
മാപ്പലകയില്‍ ദാസിന്റെ ഭാര്യ ലിസി(43)യുടെ മൃതദേഹം കണ്ടെത്തി. മറ്റുള്ളവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. കുറ്റിക്കാട്ടില്‍ ബെന്നി (55) ഭാര്യ മറിയകുട്ടി(52) , ഇവരുടെ മകന് അഖില്‍ (21) എന്നിവരെയാണ് കാണാതായത്. ഉരുള്‍പൊട്ടിയിറങ്ങിയ മണ്ണിനടിയില്‍ കുടുങ്ങി കിടന്ന ലിസിയുടെ ഭര്‍ത്താവ് ദാസിനെ നാട്ടുകാര്‍ രക്ഷപ്പെടുത്തി.
ഇന്നലെ രാത്രി 11.15 ഓടെയാണ് ഇവരുടെ വീടിന്റെ മുകള്‍ ഭാഗത്തുള്ള കൃഷിയിടത്തില്‍ ഉരുള്‍പൊട്ടിയത്. ഒരു നില കോണ്‍ക്രീറ്റ് വീട് പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ഈ മേഖലകളിലെ കൃഷിയിടങ്ങളും പൂര്‍ണമായും നശിച്ചിട്ടുണ്ട്.
ഉരുള്‍ ഒലിച്ചിറങ്ങിയ വഴിയിലെ താമസക്കാരന് മാര്ട്ടിന് മൈലക്കുഴിയുടെ ഭാര്യ ജ്യോത്സ്ന, മകള്‍ രണ്ട് വയസ് കാരി അല്‍ഫോണ്‍സ, ജ്യോത്സനയുടെ മാതാവ്, വല്യമ്മ എന്നിവര്‍ വൈകുന്നേരം ആറ് മണിയോടെ മലയങ്ങാട് വീട്ടിലേക്ക് പോയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ഇവരുടെ വീട് പൂര്‍ണ്ണമായും മണ്ണിനടിയിലാണ് . ലിസിയുടെ മൃതദേഹം വീട്ടില്‍ നിന്ന് നൂറുമീറ്റര്‍ മാറിയാണ് കണ്ടെത്തിയത്.
വെള്ളപ്പൊക്കവും മണ്ണിടിച്ചിലും കാരണം രക്ഷാപ്രവര്‍ത്തനത്തിന് ആദ്യഘട്ടത്തില്‍ സാധിച്ചിരുന്നില്ല. മണിക്കൂറുകള്‍ക്കു ശേഷമാണ് ഫയര്‍ഫോഴ്സിനും മറ്റു രക്ഷാപ്രവര്‍ത്തകര്‍ക്കും സ്ഥലത്തെത്താന്‍ സാധിച്ചത്. കോഴിക്കോട് കുറ്റ്യാടിയില്‍ രണ്ടു പേര് വെള്ളത്തില്‍ മുങ്ങി മരിച്ചു. സിറാജുല്‍ ഹുദ മാനേജര്‍ മാക്കൂല്‍ മുഹമ്മദ്, ഷരീഫ് സഖാഫി എന്നിവരാണ് മരിച്ചത്. കുറ്റ്യാടി ടൗണിലെ സിറാജുല്‍ ഹുദാ മസ്ജിദില്‍ ഇന്നലെ രാത്രി വെള്ളം കയറിയിരുന്നു.
ഇവിടെ വേണ്ട കാര്യങ്ങള്‍ ചെയ്ത ശേഷം ഒരു മണിയോടെ വളയന്നൂരിലെ വീട്ടിലേക്ക് പോവുകയായിരുന്നു ഇരുവരും. സമീപത്തെ വയല്‍ നിറഞ്ഞ് റോഡില്‍ ഒരാള്‍ പൊക്കത്തില്‍ വെള്ളം കയറിയിരുന്നു. ഇവിടെ കാല് തെറ്റി വെള്ളത്തില്‍ വീഴുകയായിരുന്നു.
ഒപ്പമുള്ളവര്‍ നീന്തി കരയ്ക്കെത്തി. ട്യൂബ് പോലും ഇല്ലാത്തതിനാല്‍ രാത്രിയില്‍ രക്ഷാപ്രവര്‍ത്തനം ദുഷ്ക്കരമായിരുന്നു. ഇന്ന് രാവിലെയാണ് മൃതദേഹങ്ങള്‍ കിട്ടിയത്. വെള്ളത്തില്‍ വീണ് തലയടിച്ച് വേങ്ങേരിയില്‍ ഒരാള്‍ മരിച്ചു.
മഴക്കെടുതി രൂക്ഷമാവുന്ന സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് എന്‍ഡിആര്‍എഫ് 25 അംഗ ടീമിനെ അയച്ചിട്ടുണ്ട്. ബിഎസ്എഫിന്റെ ഇരുപതംഗ സംഘം ഇന്നലെ തന്നെ താമരശ്ശേരിയില്‍ എത്തിയിട്ടുണ്ട്. അഗ്നിരക്ഷാസേനയുടെയും വിവിധ സന്നദ്ധസംഘടനകളുടെയും റെസ്ക്യൂ ടീമുകളും സജീവമായി രംഗത്തുണ്ട്.
രക്ഷാദൗത്യത്തിൽ മത്സ്യത്തൊഴിലാളികളും
കണ്ണൂർ: വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളില്‍ രക്ഷാദൗത്യത്തിന് പോലീസ്, ഫയര്‍ഫോഴ്സ്, ഫിഷറീസ് വകുപ്പുകൾക്കൊപ്പം മത്സ്യത്തൊഴിലാളികളും. കണ്ണൂരില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികളുടെ ബോട്ടുകള്‍ ഉള്‍പ്പെടെയുള്ളവ രക്ഷാ ദൗത്യത്തിനായി ദുരിതബാധിത പ്രദേശങ്ങളിലുള്ളത്.
കണ്ണൂര്‍, കൂത്തുപറമ്പ്, ഇരിട്ടി, പയ്യന്നൂര്‍, തളിപ്പറമ്പ്, തലശ്ശേരി, മട്ടന്നൂര്‍, പാനൂര്‍ മേഖലകളില്‍ ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ ക്യാമ്പ് ചെയ്യുന്നുണ്ട്. ഇരിട്ടി താലൂക്കിലേക്ക് 10 ബോട്ടുകളും, തളിപ്പറമ്പ് താലൂക്കിലെ ചെങ്ങളായി വില്ലേജില്‍ മൂന്ന് ഫൈബര്‍ വള്ളങ്ങളും അയച്ചു. ആയിക്കര, അഴീക്കല്‍ തുറമുഖങ്ങളില്‍ നിന്നായി മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെ 10 തോണികളും വിവിധ സ്ഥലങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിനുണ്ട്.
വീട് തകർന്ന് ഒരു കുടുംബത്തിലെ നാലു പേർ മരിച്ചു
മഞ്ചേരി: മലപ്പുറം ജില്ലയിലെ എടവണ്ണ കുണ്ടുതോടിൽ വീട് തകർന്നു ഒരു കുടുംബത്തിലെ നാലു പേർ മരിച്ചു. കുട്ടശേരി വീട്ടിൽ യൂനുസ് ബാബു (40), ഭാര്യ നുസ്റത്ത് (35), മക്കളായ ഫാത്തിമ സന (14), ഷാനിൽ (ആറ്) എന്നിവരാണ് മരിച്ചത്.
മറ്റൊരു മകനായ ഷാമിലി (14)നു ഗുരുതര പരിക്കേറ്റു മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മഞ്ചേരി പാണ്ടിക്കാട് റോഡ് കെടിസി ടൗണ്‍ യൂണിറ്റ് ചുമട്ടു തൊഴിലാളിയാണ് യൂനുസ് ബാബു. ഇന്നു പുലർച്ചെയാണ് അപകടമുണ്ടായത്. ഇവരുടെ നിർമാണത്തിലിരിക്കുന്ന വീടാണ് തകർന്നത്. ശക്തമായ മഴയെത്തുടർന്നു വീടി്ന്റെ താഴെ ഭാഗം നിലംപൊത്തുകയായിരുന്നു.
ഇതിനടുത്ത വീട്ടിലാണ് ഇവർ താമസിക്കുന്നത്. മഴയിൽ വെള്ളം കയറിയതിനാൽ പുതിയ വീട്ടിലേക്കു മാറിയതായിരുന്നു. മുഹമ്മദ് ആണ് യൂനുസിന്റെ പിതാവ്. മാതാവ്: സുബൈദ മൃതേദഹങ്ങൾ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ.
പേമാരി: വയനാട്ടില്‍ നാലു മരണം
കല്‍പ്പറ്റ: മഹാപ്രളയം കഴിഞ്ഞ് ഒരു വര്‍ഷം പിന്നിടുന്ന ദിവസം വീണ്ടും പേമാരിയും പ്രളയവും. കനത്ത മഴയിലും ഉരുള്‍പൊട്ടലിലും വയനാട്ടില്‍ കനത്ത നാശനഷ്ടമാണുണ്ടായത്. മേപ്പാടി പുത്തുമലയിലുണ്ടായ വന്‍ ഉരുള്‍പൊട്ടലില്‍ ഒരു പ്രദേശം പൂര്‍ണമായും ഒഴുകിപ്പോയി.
ഇവിടെ നടത്തിയ തെരച്ചിലില്‍ നാല് പേരുടെ മൃതദേഹം കണ്ടെത്തി. ഇന്നലെ 10 പേരെ സൈന്യം രക്ഷിച്ചിരുന്നു. ഇവര്‍ കല്‍പ്പറ്റയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. എന്നാല്‍ നിരവധിപേര്‍ ഇപ്പോഴും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് കരുതുന്നത്. ഇന്നലെ ഇവിടെ രക്ഷാപ്രവര്‍ത്തനം കാര്യമായി നടത്താന്‍ സാധിച്ചില്ല. ഇന്ന രാവിലെയോടെ രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമാക്കുമെന്ന് കളക്ടര്‍ അറിയിച്ചു.
പേമാരിയെത്തുടര്‍ന്ന് ഇന്നലെ വയനാട്ടില്‍ മൂന്ന് മരണം സംഭവിച്ചു. മുട്ടില്‍ മലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ മുട്ടില്‍ കുട്ടമംഗലം പഴശി കോളനിയിലെ മഹേഷ് (23), പ്രീതി (19) എന്നിവരാണ് മരിച്ചത്. വെള്ളം കയറിയതിനെത്തുടര്‍ന്ന് വീട് ഒഴിയുന്നതിനിടെ പനമരം മാതോത്ത് പൊയില്‍ കാക്കത്തോട് കോളനിയിലെ മുത്തു (24) കുഴഞ്ഞുവീണ് മരിച്ചു.
മണ്ണിടിച്ചിൽ, മുഴക്കം; വട്ടപ്പാറ മേഖലയിൽ ഭൂചലനമെന്ന് സംശയം
പാലക്കാട്: മണ്ണാർക്കാട് പാലക്കയം വട്ടപ്പാറ മേഖലയിൽ ഭൂചലനമെന്ന് സംശയം. ഇന്നലെ രാത്രി ഈ മേഖലയിൽ മണ്ണിടിച്ചിലും ഭൂമിയിൽ വിള്ളലും ഉണ്ടായിരുന്നു. ഇന്നു രാവിലെ ഈ പ്രദേശത്ത് ഭൂമിക്കടിയിൽനിന്ന് മുഴക്കം കേട്ടതോടെയാണ് നാട്ടുകാർ ഭൂചലനമാണെന്ന് സംശയിച്ചത്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.