കൽപ്പറ്റ: ശക്തമായ മഴയ്ക്കിടെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്നലെ ഉണ്ടായതു കഴിഞ്ഞ മഴക്കാലത്തേക്കാൾ വലിയ വെള്ളപ്പൊക്കം. പള്ളിത്താഴെ, കനറ ബാങ്ക് പരിസരം, ഇരുന്പുപാലം എന്നിവിടങ്ങളിൽ റോഡിൽ വെള്ളം കയറി. ആനപ്പാലത്തും വെള്ളപ്പൊക്കം ഉണ്ടായി. കനറ ബാങ്ക് പരിസരത്തു വെള്ളം കയറി റോഡ് മൂടിയതു പിണങ്ങോട് റോഡ് ജംഗ്ഷനും സിവിൽസ്റ്റേഷനും ഇടയിൽ ഗതാഗത തടസത്തിനു കാരണമായി. വാഹനങ്ങൾ ആനപ്പാലത്തുനിന്നും കൈനാട്ടിയിൽനിന്നും തിരിച്ചുവിട്ടു.
ആനപ്പാലം ജംഗ്ഷനിലും സമീപങ്ങളിലുമായി ആറു കടകളിൽ വെള്ളം കയറി. പുതുമ ടെക്സറ്റയിൽസിൽ തുണിത്തരങ്ങൾ നശിച്ചു. തൗഫീഖ് റസ്റ്റാറന്റിലെ രണ്ട് ഗ്യാസ് സിലിണ്ടർ ഒലിച്ചുപോയി. ഫ്രിഡ്ജ്, ഡ്രൈൻഡർ, മിക്സി, കംപ്യൂട്ടർ, ബില്ലിംഗ് മെഷീൻ തുടങ്ങിയവയും പാചകം ചെയ്തടക്കം ഭക്ഷണസാധനങ്ങളും നശിച്ചു. മൂന്നു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി റസ്റ്റോറന്റ് ഉടമ പ്രാണിയത്ത് അബ്ദുറഹ്മാൻ പറഞ്ഞു. റസ്റ്റാറന്റിനോടു ചേർന്നുള്ള പള്ളിയിലും വെള്ളം കയറി.