മുംബൈ: ഉത്തേജക മരുന്ന് പരിശോധനയുടെ പേരിൽ വർഷങ്ങൾ നീണ്ട വാദപ്രതിവാദങ്ങൾക്കൊടുവിൽ ഇന്ത്യൻ ക്രിക്കറ്റ് കണ്ട്രോൾ ബോർഡ് (ബിസിസിഐ) പത്തിമടക്കി. ദേശീയ ഉത്തേജക വിരുദ്ധ സമിതിയുടെ (നാഡ) പരിധിയിൽ വരാമെന്ന് ഒൗദ്യോഗികമായി ബിസിസിഐ അറിയിച്ചു. ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളെ ഉത്തേജകമരുന്നു പരിശോധനയ്ക്കു വിധേയരാക്കുന്നതിൽ എതിർപ്പില്ലെന്നും ബിസിസിഐ വ്യക്തമാക്കി. ഇതോടെ രാജ്യത്തെ മറ്റ് കായിക സംഘടനകളേപ്പോലെ ബിസിസിഐയും നാഡയുടെ പരിധിയിൽ ഉൾപ്പെട്ടു.
ദേശീയ സ്പോർട്സ് സെക്രട്ടറി രാധേശ്യാം ജുലാനിയ, നാഡ ഡയറക്ടർ ജനറൽ നവീൻ അഗർവാൾ എന്നിവർ ബിസിസിഐ സിഇഒ രാഹുൽ ജോഹ്റി, ജനറൽ മാനേജർ (ക്രിക്കറ്റ് ഓപ്പറേഷൻസ്) സാബ കരീം എന്നിവരുമായി നടത്തിയ ചർച്ചയ്ക്കൊടുവിലായിരുന്നു തീരുമാനം.
രാജ്യത്ത് നിലവിലുള്ള നിയമങ്ങൾ അംഗീകരിക്കാനും അനുസരിക്കാനും ബിസിസിഐ ബാധ്യസ്ഥമാണ്. രാജ്യത്തെ നിയമത്തിനു വിധേയമായിരിക്കുമെന്ന് ഒപ്പിട്ടു നൽകിയ കത്തിലൂടെ വ്യക്തമാക്കിയിട്ടുണ്ട്- ജുലാനിയയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം ജോഹ്റി പറഞ്ഞു. കമ്മിറ്റി ഓഫ് അഡ്മിനിസ്ട്രേറ്റേഴ്സിന്റെ (സിഒഎ) നീക്കത്തിനൊടുവിലാണോ ബിസിസിഐ നാഡയുടെ പരിധിയിൽ വരാൻ സമ്മതിക്കുന്നതെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം ജോഹ്റി നല്കിയില്ല.
പരിശോധനാ രീതികളിൽ ന്യൂനതകളുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് ബിസിസിഐ ഇതുവരെ നാഡയെ എതിർത്തിരുന്നത്. ഉത്തേജക പരിശോധനയ്ക്കായി സ്വകാര്യ ഏജൻസിയെ (ഇന്റർനാഷനൽ ഡോപ് ടെസ്റ്റ് ആൻഡ് മാനേജ്മെന്റ്) ബിസിസിഐ നിയോഗിച്ചിട്ടുണ്ടെങ്കിലും വാഡ (രാജ്യാന്തര ഉത്തേജക വിരുദ്ധ ഏജൻസി) അതിന് അംഗീകാരം നൽകിയിരുന്നില്ല. ഉത്തേജക പരിശോധന നടത്താൻ ബിസിസിഐയ്ക്ക് അധികാരമില്ലെന്നു കാട്ടി കേന്ദ്ര കായിക മന്ത്രാലയം രംഗത്തെത്തിയിരുന്നു.
ഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെട്ട ഇന്ത്യൻ താരം പൃഥ്വി ഷായ്ക്ക് വിലക്കേർപ്പെടുത്തിയ സാഹചര്യത്തിലായിരുന്നു അത്.
പാഴായ വാദങ്ങൾ
ബിസിസിഐ ദേശീയ കായിക സംഘടനയല്ലാത്തതിനാൽ, സർക്കാർ ഏജൻസിയായ നാഡയുടെ പരിധിയിൽവരില്ലെന്നതായിരുന്നു ക്രിക്കറ്റ് ബോർഡിന്റെ മുൻ നിലപാട്. ക്രിക്കറ്റ് താരങ്ങളെ ഉത്തേജക മരുന്ന് പരിശോധനയ്ക്കു വിധേയമാക്കിയില്ലെങ്കിൽ നാഡയുടെ അംഗീകാരം റദ്ദാക്കുമെന്ന് വാഡ (രാജ്യാന്തര ഉത്തേജക വിരുദ്ധ ഏജൻസി) 2017ൽ ഭീഷണിപ്പെടുത്തി. തുടർന്ന് ക്രിക്കറ്റ് താരങ്ങളെ നാഡയുടെ പരിധിയിൽകൊണ്ടുവരാൻ കേന്ദ്ര കായികമന്ത്രാലയം ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.
എന്നാൽ, നാഡയുമായി ആറു മാസത്തേക്ക് പരീക്ഷണാടിസ്ഥാനത്തിൽ സഹകരിച്ചു പ്രവർത്തിക്കാൻ 2019 മാർച്ചിൽ ബിസിസിഐ തീരുമാനിച്ചു. ഐസിസി ചെയർമാൻ ശശാങ്ക് മനോഹറുമായി ബിസിസിഐ പ്രതിനിധികൾ നടത്തിയ കൂടിക്കാഴ്ചയുടെ പശ്ചാത്തലത്തിലായിരുന്നു അത്.
പൃഥ്വി പിടിക്കപ്പെട്ടത് നിർണായകമായി
ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവിവാഗ്ദാനമായി കരുതപ്പെടുന്ന യുവതാരം പൃഥ്വി ഷാ ഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെട്ടതും ബിസിസിഐയുടെ പുതിയ തീരുമാനത്തിൽ പങ്കുവഹിച്ചിട്ടുണ്ട്. പൃഥ്വി ഉത്തേജക പരിശോധനയിൽ പരാജയപ്പെട്ടത് കരുതലോടെയാണ് ബിസിസിഐ കൈകാര്യം ചെയ്തത്.
ഏറ്റവും കുറഞ്ഞ ശിക്ഷയായ എട്ടു മാസം വിലക്കാണ് പൃഥ്വിക്കു നൽകിയത്. അതും മുൻകാല പ്രാബല്യത്തോടെ മാർച്ച് 16 മുതൽ നവംബർ 15 വരെ. സെപ്റ്റംബർ പകുതിയോടെ ടീമിനൊപ്പം പരിശീലിക്കാനുള്ള അനുവാദവും നൽകി. എട്ടു മാസം വരെ, 8-16 മാസം വരെ, 16– 24 മാസം വരെ എന്നിങ്ങനെയാണ് ശിക്ഷാ കാലയളവുകൾ.
എന്നാൽ, ഉപയോഗിച്ച കഫ് സിറപ്പിൽ നിന്ന് അറിയാതെയാണ് നിരോധിത മരുന്നായ ടെർബ്യൂട്ടാലിൻ ശരീരത്തിലെത്തിയതെന്ന പൃഥ്വിയുടെ വിശദീകരണം ബിസിസിഐ മുഖവിലയ്ക്കെടുക്കുകയായിരുന്നു. ഫെബ്രുവരി 22ന് സയീദ് മുഷ്താഖ് അലി ട്രോഫിക്കിടെ പൃഥ്വി നൽകിയ സാംപിളിലാണ് നിരോധിത മരുന്നിന്റെ അംശം കണ്ടെത്തിയത്.
ബിസിസിഐക്ക് കൂച്ചുവിലങ്ങിടാൻ
ബിസിസിഐയെ വിവരാവകാശനിയമത്തിന്റെ പരിധിയിൽ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടുള്ള റിപ്പോർട്ട് ഇപ്പോൾ കേന്ദ്ര സർക്കാരിന്റെ പരിഗണനയിലാണ്. കേന്ദ്ര നിയമ കമ്മീഷനാണ് 128 പേജുള്ള റിപ്പോർട്ട് കേന്ദ്രസർക്കാരിന് നൽകിയത്. സ്വകാര്യസ്ഥാപനമായതിനാൽ ബിസിസിഐയുടെ ഭരണത്തിൽ ഇടപെടാൻ സുപ്രീംകോടതിക്ക് അധികാരമില്ലെന്ന വാദം നിയമ കമ്മീഷൻ തള്ളി.
നികുതി ഇളവ്, സൗജന്യ ഭൂമി, ഇന്ത്യയുടെ പതാകയുടെ നിറം കളിക്കാരുടെ വസ്ത്രങ്ങളിലും ഹെൽമറ്റിലും അശോകചക്രം ഉപയോഗിക്കാനുള്ള അനുമതി തുടങ്ങിയവ പരിശോധിക്കുന്പോൾ ഒരു പൊതു സ്ഥാപനത്തിന്റെ സ്വഭാവം ബിസിസിഐക്കുണ്ടെന്നും കമ്മീഷൻ വിലയിരുത്തി.
നിലവിൽ സുപ്രീംകോടതി നിയോഗിച്ച കമ്മിറ്റി ഓഫ് അഡ്മിനിസ്ട്രേറ്റേഴ്സിന്റെ (സിഒഎ) നിരീക്ഷണത്തിലാണ് ബിസിസിഐ. മുൻ സിഎജി വിനോദ് റായ് ആണ് സിഒഎ തലവൻ.