പത്തനംതിട്ട: ജില്ലയിൽ മഴയ്ക്കു നേരിയ ശമനം. ഇന്നലെ പകൽ മഴ മാറിനിന്നെങ്കിലും രാത്രിയിൽ വീണ്ടും പെയ്തു. എന്നാൽ കഴിഞ്ഞദിവസങ്ങളെ അപേക്ഷിച്ച് മഴയ്ക്ക് ശക്തി കുറവായിരുന്നു. പന്പാനദിയിൽ ജലനിരപ്പിൽ നേരിയ കുറവുണ്ട്. പദ്ധതി പ്രദേശങ്ങളിൽ മഴ കനത്തതിനേ തുടർന്ന് പന്പ, കക്കി സംഭരണികളിലെ ജലനിരപ്പ് ഉയരുകയാണ്. രണ്ടുദിവസത്തിനുള്ളിൽ പന്പയിൽ 30 ശതമാനത്തിലധികം ജലനിരപ്പുയർന്നു.
ഇന്നു രാവിലെ ജലനിരപ്പ് 60 ശതമാനത്തിലെത്തി. എന്നാൽ കക്കിയിൽ 35 ശതമാനം വെള്ളമേയുള്ളൂ. കക്കി പദ്ധതി പ്രദേശത്ത് ഇന്നലെ 128 മില്ലിമീറ്റർ മഴ ലഭിച്ചിരുന്നു.പത്തനംതിട്ട ജില്ലയിൽ 20 ദുരിതാശ്വാസക്യാന്പുകളിലായി 212 കുടുംബങ്ങളിലെ 811 ആളുകളെ മാറ്റിപാർപ്പിച്ചിട്ടുണ്ട്.കിഴക്കൻ മലയോര മേഖലയിൽ രാത്രിയിൽ മഴ ഉണ്ടായിരുന്നു.
നദികൾ കരകവിഞ്ഞ് തന്ന ഒഴുകുന്നതിനാൽ താഴ്ന്ന പ്രദേശങ്ങളിലെ വെള്ളക്കെട്ടുകൾ നീങ്ങിയിട്ടില്ല. പന്പ, അച്ചൻകോവിൽ, മണിമല തീരങ്ങളിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടുകളുണ്ട്. തിരുവല്ല താലൂക്കിന്റെ പടിഞ്ഞാറൻ മേഖലയിലും വെള്ളം കയറിത്തുടങ്ങി. മേപ്രാൽ, ചാത്തങ്കേരി, നിരണം ഭാഗങ്ങളിലേക്കുള്ള റോഡുകളിൽ വെള്ളം കയറി ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്.
അച്ചൻകോവിലാറ് കരകവിഞ്ഞ് വാഴമുട്ടം, വള്ളിക്കോട്, താഴൂർക്കചവ് ഭാഗങ്ങളിൽ വെള്ളം കയറി. കൈപ്പട്ടൂർ, ത്രിപ്പാറ എന്നിവിടങ്ങളിലും വെള്ളം കയറി. താഴൂർക്കടവ്, കോന്നി, ചന്ദനപ്പള്ളി റോഡുകളിൽ ഗതാഗതം മുടങ്ങി. പന്പാനദിയിൽ ജലനിരപ്പ് കുറയുന്നത് ആശ്വാസമായി. ആറ·ുള സത്രക്കടവിൽ റോഡിലേക്ക് വെള്ളം കയറിയിട്ടില്ല. കോസ് വേകളിൽ കയറിയ വെള്ളം ഇറങ്ങി.
വെള്ളം കയറിയ പെരുനാട് മുക്കം കോസ് വേയുടെ മുകൾ ഭാഗത്ത് തകരാറുകളുണ്ട്. മണിമലയാറിന്റെ തീരങ്ങളിൽ നിന്നു വെള്ളം ഇറങ്ങിയിട്ടില്ല. മല്ലപ്പള്ളി, ആനിക്കാട്, കല്ലൂപ്പാറ, കവിയൂർ, കുറ്റൂർ പ്രദേശങ്ങളിലെ നദിയോടു ചേർന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറിയിരിക്കുകയാണ്.