കൽപ്പറ്റ: വയനാട്ടിൽ കനത്ത മഴ തുടരുന്നു. ഇന്നലെ രാവിലെ എട്ടിനു 24 മണിക്കൂറിൽ ശരാശരി 240 മില്ലീമീറ്റർ മഴ ജില്ലയിൽ ലഭിച്ചു. ജില്ലയിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലാണ്. കാരാപ്പുഴ അണയിൽ 759.4-ഉം ബാണാസുര അണയിൽ 771.6-ഉം എംഎസ്എൽ ആണ് ജലനിരപ്പ്. കാരാപ്പുഴയുടെ അണയുടെ മൂന്നു ഷട്ടറുകൾ ഇന്നലെ മൂന്നു വീതം സെന്റീമീറ്റർ ഉയർത്തി. ബാണാസുര അണയുടെ ഷട്ടറുകൾ ഇന്നു തുറന്നേക്കും. അധികൃതർ പ്രദേശവാസികൾക്കു ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്.
ജില്ലിയിൽ വിവിധ ഭാഗങ്ങളിലായി 167 ദുരിതാശ്വാസ ക്യാന്പുകൾ പ്രവർത്തിക്കുന്നുണ്ട്. 5678 കുടുംബങ്ങളിലെ 21,211 പേരാണ് ക്യാന്പുകളിൽ കഴിയുന്നത്. മഴയിൽ ജില്ലയിൽ കനത്ത തോതിൽ കൃഷിനാശം ഉണ്ടായി. 2,000 ഹെക്ടറിൽ നെൽകൃഷിയും 350 ഹെക്ടറിൽ വാഴകൃഷിയും നശിച്ചതായാണ് ഏകദേശ കണക്ക്.
പടിഞ്ഞാറത്തറ നരിപ്പാറയിൽ ചെറിയ ഉരുൾപൊട്ടൽ ഉണ്ടായി. കാപ്പിക്കളത്തു മണ്ണിടിഞ്ഞു. വൈത്തിരി തളിപ്പുഴയിൽ കെട്ടിടം ഇടിഞ്ഞു. തൊണ്ടർനാട് വില്ലേജിലെ മണിച്ചുവടിൽ മണ്ണിടിച്ചിൽ ഉണ്ടായി. എട്ടു കുടുംബങ്ങളെ ഇവിടെനിന്നു മാറ്റി. മടക്കിമല സഹകരണ ബാങ്കിനു സമീപം മണ്ണിടിഞ്ഞു മൂന്നു വീടുകൾക്കു കേടുപറ്റി. ബാവലി തോണിക്കടവിനു സമീപം ഒഴുക്കിൽപ്പെട്ട നാലു പേരെ രക്ഷപ്പെടുത്തി.
മന്ത്രിമാരായ എ.കെ.ശശീന്ദ്രന്റെയും രാമചന്ദ്രൻ കടന്നപ്പള്ളിയുടെയും സാന്നിധ്യത്തിൽ കലക്ടറേറ്റിൽ ദുരിതാശ്വാസ അവലോകന യോഗം ചേർന്നു. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവർ ഇന്നു ജില്ലയിൽ എത്തും.