തിരുവനന്തപുരം: കാലവർഷക്കെടുതിയെ നാടൊന്നിച്ച് നേരിടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൂട്ടായ ഇടപെടലാണ് ഏതു പ്രതിസന്ധിയെയും മറികടക്കാൻ ആത്മവിശ്വാസം നൽകുന്നത്. തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കനത്തമഴയിൽ രണ്ടു ദിവസത്തിനിടെ എട്ടു ജില്ലകളിലായി 80 സ്ഥലങ്ങളിൽ ഉരുൾപൊട്ടി. പ്രതീക്ഷിക്കാത്ത സ്ഥലങ്ങളിലാണ് അപകടം ഉണ്ടായിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കാലവർഷക്കെടുതിയിൽ 42 മരണങ്ങളാണ് സംസ്ഥാനത്ത് ഇതുവരെ രേഖപ്പെടുത്തിയിരിക്കുന്നത്. 1,80,138 പേരെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. 29,997 കുടുംബങ്ങളാണ് മാറി താസമിക്കുന്നതെന്നും മുഖ്യമന്ത്രി വിശദമാക്കി. വയനാട്ടിൽ മഴയുടെ തീവ്രത കുറഞ്ഞിട്ടുണ്ട്. എന്നാൽ ഉച്ചയ്ക്കുശേഷം വീണ്ടും മഴ കനക്കുമെന്നാണ് കാലാവസ്ഥ വിഭാഗത്തിന്റെ മുന്നറിയിപ്പ്. ഇതിനാൽ അപകട മേഖലയിലുള്ളവർ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറണമെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു.
വിവിധ ഏജൻസികൾ ഒത്തൊരുമിച്ചാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. മത്സ്യത്തൊഴിലാളികളും രക്ഷാപ്രവർത്തനത്തിനായി രംഗത്തെത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വിശദമാക്കി. വ്യാജ പ്രചാരണങ്ങൾക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ജനങ്ങൾ ഉരുൾപൊട്ടലുണ്ടാകുന്നിടത്ത് സന്ദർശനം നടത്തരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബാണാസുരസാഗർ ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളിൽ മഴ തുടരുകയാണ്. ഇന്നു വൈകുന്നേരം മൂന്നിന് ഡാമിന്റെ ഷട്ടർ തുറക്കും. മിതമായ തോതിൽ വെള്ളമൊഴുക്കാനാണ് തീരുമാനം. നദിയിൽ ജനലനിരപ്പ് ഉയരുന്നിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചു. പത്തനംതിട്ട ജില്ലയിലും കനത്ത മഴ തുടരുകയാണ്. പന്പയിൽ ജലനിരപ്പ് ഉയർന്നതിനാൽ തിരുവല്ലയിൽ 15 ക്യാന്പുകൾ തുറന്നതായും മുഖ്യമന്ത്രി വ്യക്തമാക്കി.