തൃശൂർ: അതിരപ്പള്ളി വെള്ളച്ചാട്ടം അതിന്റെ രൗദ്രഭാവത്തിൽ എത്തിയിരിക്കുകയാണ്. വെള്ളച്ചാട്ടത്തിൽ സാധാരണ വർഷകാലത്ത് ഉണ്ടാകുന്നതിനേക്കാൾ രണ്ടിരട്ടി വെള്ളമുണ്ടെന്നാണ് വനംവകുപ്പ് അധികൃതർ പറയുന്നത്.
വനത്തിൽ ശക്തമായ മഴ പെയ്യുന്നതും പെരിങ്ങൽകുത്ത് ഡാമിന്റെ ഷട്ടറുകൾ ഉയർത്തിയതുമാണ് വലിയ ഒഴുക്കിന് കാരണമായത്. ഇതോടെ ചാലക്കുടി പുഴയിലും ജലനിരപ്പ് ഉരുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
മഴയും വെള്ളച്ചാട്ടത്തിൽ ഒഴുക്കും ശക്തമായതോടെ രണ്ടു ദിവസമായി വിനോദ സഞ്ചാരികൾക്ക് വനംവകുപ്പ് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. അടുത്ത ഒരാഴ്ച സ്ഥലത്തേയ്ക്ക് ആരെയും പ്രവേശിപ്പിക്കേണ്ടെന്ന് അധികൃതർ തീരുമാനിച്ചിട്ടുണ്ട്.
മലക്കപ്പാറ റൂട്ടിൽ ഉരുൾപൊട്ടലിന് സാധ്യതയുള്ളതിനാൽ വാൽപ്പാറയിലേക്കുള്ള യാത്രയും ഒഴിവാക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.