ട്രാഫിക് നിയമം ലംഘിച്ചാൽ ശിക്ഷ നൽകുന്നത് ഏതു രാജ്യത്തും സാധാരണം. എന്നാൽ ട്രാഫിക് നിയമം ശരിയായി പാലിക്കുന്നവർക്ക് സമ്മാനം നൽകുന്നതാണ് ദുബായ് പോലീസിന്റെ പുതിയ രീതി. നമ്മുടെ നാട്ടിലെ പോലെ ഹെൽമറ്റ് ധരിക്കുന്നവർക്ക് ലഡുവും മിഠായിയുമൊന്നുമല്ല ദുബായ് ട്രാഫിക് പോലീസ് നിയമം ശരിയായി പാലിക്കുന്നവർക്ക് നൽകുന്നത്. പുതുപുത്തൻ കാറാണ് സമ്മാനം!!
അടുത്തിടെ യുഎഇ പൗരൻ സെയ്ഫ് അൽ സീദിക്ക് ദുബായ് ട്രാഫിക് പോലീസ് ഇത്തരത്തിൽ ഒരു കാർ സമ്മാനിച്ചു. സെയ്ഫ് അൽ സീദി ഒരിക്കലും ഗതാഗത നിയമങ്ങൾ തെറ്റിക്കുകയോ വീഴ്ച വരുത്തുകയോ ചെയ്തിട്ടില്ലെന്ന് ട്രാഫിക് രേഖകൾ പരിശോധിച്ച് മനസിലാക്കിയ ശേഷമാണ് ഇദ്ദേഹത്തിന് പ്രോത്സാഹനസമ്മാനമായി കാർ നൽകിയത്.
കോളിംഗ് ബെൽ അടിക്കുന്നത്് കേട്ട് വാതിൽ തുറന്നുനോക്കിയ സെയ്ഫ് അൽ സീദിയുടെ വീട്ടുകാർ കണ്ടത് ദുബായ് ട്രാഫിക് പോലീസുകാരെയാണ്. എന്താണ് കാര്യമെന്നറിയാതെ അന്പരന്ന് നിന്ന വീട്ടുകാരോട് സെയ്ഫ് എവിടെയെന്ന് ഗൗരവത്തിൽ പോലീസ് ചോദിച്ചു. സ്ഥലത്തില്ലെന്നും ദുബായ്ക്ക് പുറത്താണെന്നും വീട്ടുകാർ ആശങ്കയോടെ മറുപടി നൽകി.
അധികനേരം സസ്പെൻസ് നീട്ടിക്കൊണ്ടുപോകാതെ ഉദ്യോഗസ്ഥർ കാര്യം പറഞ്ഞു ട്രാഫിക് നിയമങ്ങൾ കൃത്യമായി പാലിച്ച സെയ്ഫിന് ദുബായ് ട്രാഫിക് പോലീസ് വക ഒരു ചെറിയ സമ്മാനമുണ്ട്, ഒരു കാർ. അദ്ദേഹം വരുന്പോൾ ഇത് അദ്ദേഹത്തിന് കൈമാറുമല്ലോ….
വീട്ടുകാർ ഇതെല്ലാം കണ്ടും കേട്ടും അന്പരന്നു നിൽക്കുന്നതിനിടെ കാറിന്റെ താക്കോൽ പോലീസ് കൈമാറി.
ഓപറേഷൻസ് അസി.കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ മുഹമ്മദ് സെയ്ഫ് അൽസാഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സെയ്ഫ് അൽ സീദിയുടെ വീട്ടിലെത്തി കാർ സമ്മാനിച്ചത്.
കിടു സമ്മാനത്തിന്റെ വിശേഷമറിഞ്ഞ്് നിരവധി പേരാണ് സെയ്ഫിന്റെ വീട്ടിലെത്തിയത്. നിയമലംഘകർക്ക് ബ്ലാക്ക് പോയന്റ് നൽകുന്ന ദുബായ് പോലീസ് നിയമം പാലിക്കുന്നവർക്ക് വൈറ്റ് പോയന്റുകളും നൽകും.
ഏതായാലും റോഡിൽ വണ്ടിയുമായി ഇറങ്ങുന്പോൾ ട്രാഫിക് നിയമങ്ങൾ കൃത്യമായി പാലിച്ച് സുരക്ഷിതമായി വണ്ടിയോടിച്ചാൽ ഭാഗ്യം കൂടിയുണ്ടെങ്കിൽ കാർ സമ്മാനമായി കിട്ടുമെന്ന് മനസിലായതോടെ ആളുകൾ നല്ല രീതിയിൽ വണ്ടിയോടിക്കാൻ തീരുമാനിച്ചിട്ടുണ്ട്.