ശാസ്താംകോട്ട: കാശ്മീരിൽ വെടിയേറ്റ് മരിച്ച സൈനികൻ പോരുവഴി കമ്പലടി തോട്ടത്തിൽ കിഴക്കതിൽ വിജയകുമാറിന്റേയും ശ്യാമളയുടേയും മകൻ വിശാഖ് (22) ന് പൂർണ ഔദ്യോഗിക ബഹുമതികളോടെ വിട. ഇന്നലെ രാവിലെ 10 ഓടെ ജന്മ നാട്ടിലെത്തിച്ച മൃതദേഹം ആദ്യം ഇദ്ദേഹം പഠിച്ച പോരുവഴി കമ്പലടി ഗവ. എൽ പി സ്കൂളിൽ പൊതു ദർശനത്തിന് വെച്ചു.
12ഓടെ വീട്ടിലെത്തിച്ചെങ്കിലും, ജനങ്ങളുടെ തിരക്ക് കാരണം ഒന്നിന് ശേഷമാണ് സംസ്കാരത്തിന്റെ നടപടികളിലേക്ക് നീങ്ങിയത്. പോലീസും തുടർന്ന് സൈനികരും അന്ത്യമോപചാരം അർപ്പിച്ചു. പിന്നീട് വീട്ടു വളപ്പിൽ തയാറാക്കിയ ചിതയിൽ സംസ്കരിച്ചു. ശക്തമായ മഴയിലും ആയിരങ്ങളാണ് ഇദ്ദേഹത്തെ അവസാനമായി ഒരു നോക്ക് കാണാൻ എത്തിച്ചേർന്നത്.
കാശ്മീരിലെ ഉറി സെക്ടറിൽ സൈനികനായി സേവനമനുഷ്ഠിക്കവെയാണ് വിശാഖ് വെടിയേറ്റ് മരിച്ചത്.രണ്ട് വർഷം മുൻപാണ് വിശാഖ് ജോലിയിൽ പ്രവേശിച്ചത്. സഹോദരൻ വിമലും സൈനികനാണ്.കാശ്മീരിൽ വെടിയേറ്റ് മരിച്ച സൈനികൻ വിശാഖിന് അന്തിമോപചാരം അർപ്പിക്കാൻ സമൂഹത്തിന്റെ നാനാതുറകളിലുള്ള നൂറുകണക്കിനാളുകളാണ് എത്തിച്ചേർന്നത്.
എം പി മാരായ കൊടിക്കുന്നിൽ സുരേഷ്, കെ.സോമപ്രസാദ്, എൻ.കെ.പ്രേമചന്ദ്രൻ കോവൂർ കുഞ്ഞുമോൻ എം എൽ എ, ഡി സി സി പ്രസിഡന്റ് ബിന്ദുകൃഷ്ണ, പാണക്കാട് കേശവപിള്ള, ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി അരുണാമണി, എ ഡി എം പി ആർ ഗോപാലകൃഷ്ണൻ, തഹൽ സിദാർ ബി ലിസി, ഡിവൈഎസ്പി നാസറുദീൻ, സി ഐ മാരായ വി പ്രശാന്ത്, വി ജയചന്ദ്രൻ പിള്ള തുടങ്ങിയവരും വിവിധ ജനപ്രതിനിധികളും രാഷ്ട്രീയ സാമൂഹിക പ്രവർത്തകരും വിശാഖിന്റെ സുഹൃത്തുകളും സഹപാഠികളുമടക്കമുള്ളവരാണ് അന്തിമോപചാരം അർപ്പിക്കാൻ എത്തിയത്. ു