അനുഷ്ക ശർമ നായികയായി അഭിനയിച്ച ബോളിവുഡ് ചിത്രമാണ് എൻഎച്ച് 10. ഈ ചിത്രത്തിന്റെ തമിഴ് റീമേക്കായ ഗർജനൈ റിലീസിന് ഒരുങ്ങുന്നു. ഈ മാസം ചിത്രം പ്രദർശനത്തിനെത്തും. ബോളിവുഡിലെ അനുഷ്ക ശർമ ചെയ്ത കഥാപാത്രം തമിഴിൽ ചെയ്യുന്നത് തൃഷയാണ്. ആദ്യം നായികയായി ചിത്രത്തിലേക്ക് സാമന്തയെ ആയിരുന്നു പരിഗണിച്ചത്.
സുന്ദർ ബാലുവാണ് തമിഴിൽ ചിത്രം സംവിധാനം ചെയ്യുന്നത്. വംശി കൃഷ്ണ മറ്റൊരു പ്രധാനപ്പെട്ട കഥാപാത്രമായി അഭിനയിക്കുന്നു. ചിത്രത്തിലെ തൃഷയുടെ അഭിനയത്തെ ക്കുറിച്ചും സാഹസത്തക്കുറിച്ചും അടുത്തിടെ സംവിധായകൻ സുന്ദർ ബാലു വാചാലനായി.
ചിത്രത്തിൽ തൃഷയ്ക്ക് നിറയെ ആക്ഷൻ സീക്വൻസ് ഒക്കെയുണ്ട്. അതത്രെയും ഡ്യൂപ്പില്ലാതെയാണ് തൃഷ ചെയ്തത്. ചിത്രീകരണത്തിനിടെ തൃഷയ്ക്ക് അട്ടയുടെ ആക്രമണം നേരിടേണ്ടതായും വന്നു. രാത്രിയിൽ ഷൂട്ട് നടക്കുന്പോഴായിരുന്നു സംഭവം.
നല്ല മഴയും ഉണ്ടായിരുന്നു. പക്ഷേ തൃഷ എല്ലാം തരണം ചെയ്തു-സംവിധായകൻ പറഞ്ഞു. കാമുകനൊപ്പമുള്ള കൊടൈക്കനാൽ യാത്രയിൽ നായിക നേരിടുന്ന ചില അപകട സാഹചര്യങ്ങളിലൂടെയാണ് കഥ പുരോഗമിക്കുന്നത്. അമിത ഭാർഗ്ഗവ്, ശ്രീ രഞ്ജിനി തുടങ്ങിയവരും ചിത്രത്തിൽ കഥാപാത്രങ്ങളായി എത്തുന്നു.