മങ്കൊന്പ് : കഴിഞ്ഞ വർഷത്തെ മഹാപ്രളയത്തിന്റെ നടുക്കുന്ന ഓർമകളിൽ കുട്ടനാട്ടുകാർ പലായനം തുടങ്ങി. വീടുകളിലും പുരയിടങ്ങളിലും വെള്ളം കയറുംമുന്പേ പല കുടുംബങ്ങളും ആലപ്പുഴ, ചങ്ങനാശേരി മേഖലകളിലെ സുരക്ഷിത സ്ഥാനങ്ങളിലേക്കു നീങ്ങിത്തുടങ്ങി.
കഴിഞ്ഞവർഷം അവസാന നിമിഷങ്ങളിൽ വീടുവിട്ടു പോകാനൊരുങ്ങിയവർക്ക് ഗതാഗത മാർഗങ്ങൾ ഏറെ പ്രയാസകരമായിരുന്നു. കരഗതാഗത മാർഗങ്ങൾ അടഞ്ഞ സാഹചര്യത്തിൽ ആവശ്യത്തിനു ബോട്ടുകളില്ലാതിരുന്നതും യാത്രയ്ക്കു തടസമായിരുന്നു. പലരും പാലത്തിനു മുകളിലും മറ്റുമായി വാഹനങ്ങൾ കൊണ്ടുവന്നു പാർക്കുചെയ്തു തുടങ്ങി.
കുട്ടികളും സത്രീകളുമടക്കം രാവിലെ മുതൽ വൈകുന്നേരം വരെ ബോട്ടുജെട്ടികളിൽ കാത്തിരിക്കേണ്ടിവന്നത് ഏറെ വിഷമിപ്പിച്ചിരുന്നു. ഈ സാഹചര്യം മുന്നിൽ കണ്ടാണ് ഇത്തവണ നേരത്തെതന്നെ മിക്ക കുടുംബങ്ങളും ബന്ധുവീടുകളിൽ അഭയം തേടാനൊരുങ്ങിയത്. രോഗികൾ, കൊച്ചുകുട്ടികൾ എന്നിവരടങ്ങുന്ന കുടുംബങ്ങൾ, പ്രായമായവർ മാത്രമുള്ള കുടുംബങ്ങൾ തുടങ്ങിയവരാണ് നേരത്തെതന്നെ പലായനത്തിനു തിരക്കു കൂട്ടുന്നത്. കുടിവെള്ളത്തിന്റെ അഭാവവും ആശുപത്രി സൗകര്യങ്ങളില്ലാത്തതും പ്രളയഭൂമിയിൽ നിന്നു രക്ഷപ്പെടാൻ ആളുകളെ പ്രേരിപ്പിക്കുന്നു.
ഇനിയും നാടുവിടാത്തവർ അതിനുള്ള തയാറെടുപ്പിലാണ്.
വീട്ടിലെ സാധനങ്ങളെല്ലാം സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റുന്ന തിരക്കിലാണേവരും. തുണികൾ, ഇലക്രോണിക് സാധനങ്ങൾ, പുസ്തകങ്ങൾ എന്നിവയെല്ലാം വീടിനുള്ളിൽ തന്നെ സുരക്ഷിതമായി സൂക്ഷിക്കുന്ന തിരക്കിലായിരുന്നു ഇന്നലെ മിക്കവരും. സോഫകൾ, അലമാരി, കട്ടിൽ തുടങ്ങിയവ ഉയർത്തിവയ്ക്കുന്ന ജോലികളും മിക്ക കുടുംബങ്ങളിലും പുരോഗമിക്കുകയാണ്. എന്നാൽ ഗതാഗത അസൗകര്യങ്ങൾ ഇത്തവണയും നേരിയ തോതിൽ അനുഭവപ്പെടുന്നുണ്ട്.
എസി റോഡ് വഴിയുള്ള സർവീസ് കെഎസ്ആർടിസി താല്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. ഇതിനുപുറമെ കിടങ്ങറ-മുട്ടാർ റോഡ്, മാന്പുഴക്കരി-എടത്വ റോഡ് തുടങ്ങിയ റോഡുകളിലും ബസ് സർവീസ് നിലച്ചു. എന്നാൽ കാവാലത്തു നിന്നും ചങ്ങനാശേരി, കോട്ടയം വഴിയുള്ള സർവീസുകൾ ഇന്നലെയും മുടക്കമില്ലാതെ തുടരുന്നത് യാത്രക്കാർക്ക് ആശ്വാസകരമാണ്.
ജലനിരപ്പ് കാര്യമായി ഉയർന്നിട്ടും ദുരിതാശ്വാസ ക്യാന്പുകളോ കഞ്ഞിവീഴ്ത്തൽ കേന്ദ്രങ്ങളോ കാര്യമായി ആരംഭിക്കാനാകാത്തതും കുട്ടനാട് വിടാൻ ജനങ്ങളെ പ്രേരിപ്പിക്കുന്നുണ്ട്.മാന്നാർ: തോരാതെ പെയ്യുന്ന മഴയും പന്പാ അച്ചൻകോവിലാറുകളിലെ ജലനിരപ്പുയർന്നതും അപ്പർകുട്ടനാടൻ മേഖലയിലെ 500 ഓളം വീടുകളെ വെള്ളത്തിലാക്കി.
മാന്നാർ, വള്ളക്കാലി, പാവുക്കര, മൂർത്തിട്ട മുക്കത്താരി, വൈദ്യൻ കോളനി, തോണ്ടുതറ, പുതുവൂർ, തൈച്ചിറ കോളനി, ബുധനൂർ താഴാന്ത്ര, തൈയൂർ, ഇരമത്തൂർ ഐക്കരമുക്ക്, വള്ളാംകടവ്, ചില്ലിത്തുരുത്തിൽ, സ്വാമിത്തറ, പുത്തനാർ, തേവർകടവ്, മഠത്തുപടി, കോട്ടമുറി, വാഴക്കൂട്ടം, പറയങ്കേരി, നാമങ്കേരി, കുരയ്ക്കലാർ, കാങ്കേരി ദ്വീപ്, കാരിക്കുഴി, വലിയപെരുന്പുഴ, ഈഴക്കടവ്, പ്രായിക്കര എന്നിവിടങ്ങളിലെ വീടുകളിലാണ് വെള്ളം കയറിയത്. മിക്കയിടങ്ങളിലെ റോഡുകളും വെള്ളത്തിൽ മുങ്ങി. നിരവധി പേരുടെ കൃഷിയിടങ്ങളിൽ വെള്ളം കയറി മരച്ചീനി, വാഴ, പച്ചക്കറികൾ എന്നിവ നശിച്ചു. വ്യാഴാഴ്ച രാത്രിയിൽ പോലീസും, റവന്യൂ വകുപ്പും മൈക്കിലൂടെ ജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകിയിരുന്നു.
മാന്നാറിലെ വിവിധ ഭാഗങ്ങളിലായി നാലു ദുരിതാശ്വാസ ക്യാന്പുകൾ തുറന്നു. 106 വീടുകളിലെ 300 പേരെ പ്രദേശത്തെ വിവിധ ദുരിതാശ്വാസ ക്യാന്പുകളിൽ പ്രവേശിപ്പിച്ചു. കുന്നത്തൂർ വിദ്യാപ്രദായനി യൂപി സ്കൂൾ, മണലിൽ സ്കൂൾ, താഴാന്ത്ര കെൽട്രോണ് കെട്ടിടം, തൈയൂർ പകൽ വീട് എന്നിവിടങ്ങളിലാണ് ദുരിതാശ്വാസ ക്യാന്പുകൾ പ്രവർത്തിക്കുന്നത്.
എടത്വ: കുട്ടനാട്, അപ്പർകുട്ടനാടൻ മേഖലയിലെ ജനങ്ങൾ ആശങ്കയിലാണ്. ഓരോ നിമിഷവും വെള്ളം ഉയർന്നു കൊണ്ടിരിക്കുന്നു. നദീതീരത്ത് താമസിക്കുന്ന പലരുടെയും വീടുകളിൽ വെള്ളം കയറിത്തുടങ്ങി. താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ മുൻ കരുതലെന്ന നിലയിൽ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാനുള്ള തിരക്കിട്ട ശ്രമങ്ങളിലാണ്. കരക്കൃഷികൾ വെള്ളത്തിലായി. രണ്ടാംകൃഷി ഇറക്കിയിട്ടുള്ള പാടശേഖരങ്ങളിൽ 40 ദിവസത്തോളം മൂപ്പെത്തിയ നെൽച്ചെടികൾക്ക് കനത്തമഴ വിനയായി. നദികളിൽ ജലനിരപ്പുയർന്നതും വൈദ്യുതി ഇല്ലാത്തതും പാടശേഖരങ്ങളിൽനിന്ന് വെള്ളം പുറത്തേക്ക് പന്പുചെയ്തു കളയാൻ കഴിയാത്ത അവസ്ഥയാണ്. പല പാടശേഖരങ്ങളും മടവീഴ്ച ഭീഷണിയിലാണ്.
പ്രളയത്തെ നേരിടാനുള്ള തയാറെടുപ്പുകൾ ധൃതഗതിയിൽ പുരോഗമിക്കുന്നുണ്ട്. ഏത് അടിയന്തര സാഹചര്യവും നേരിടാൻ അധികൃതരും തയാറായിട്ടുണ്ട്. കഐസ്ആർടിസി എടത്വയിൽ നിന്നും കളങ്ങര-മുട്ടാർ വഴിയുള്ള സർവീസുകളും, എടത്വ-വീയപുരം-ഹരിപ്പാട് റൂട്ടിലെ സർവീസുകളും നിർത്തിവച്ചു. എടത്വ-വീയപുരം-ഹരിപ്പാട് റോഡിൽ ബസ് പോകുന്പോൾ ഈ റോഡ് സൈഡിലെ താമസക്കാരുടെ വീടുകളിൽ വെള്ളം ഇരച്ച് കയറുന്നതിനെ തുടർന്ന് നാട്ടുകാർ പ്രശ്നമുണ്ടാക്കിയതോടെയാണ് ബസ് സർവീസ് നിർത്തിയത്.
എടത്വ-ചന്പക്കുളം, എടത്വ-നെടുമുടി എന്നീ ദിവസേനയുള്ള ബോട്ട് സർവീസുകൾ പതിവു പോലെ നടത്തുന്നുണ്ട്. യാത്രക്കാർക്ക് എടത്വ ജെട്ടിയിൽ നിന്ന് ബോട്ടിൽ കയറാൻ പ്രയാസമായതിനാൽ സമീപമുള്ള ജെട്ടിയിൽ നിന്നാണ് സർവീസ് നടത്തുന്നത്. അടിയന്തര സാഹചര്യം വന്നാൽ കൂടുതൽ സർവീസ് നടത്താനുള്ള നടപടികളും അധികൃതർ സ്വീകരിച്ചിട്ടുണ്ട്.
രക്ഷാപ്രവർത്തനങ്ങൾ ഏകീകരിക്കണമെന്ന്
മങ്കൊന്പ്: കിഴക്കൻ വെള്ളത്തിന്റെ വരവു ശക്തമായതിനാൽ കുട്ടനാട്ടിൽ രക്ഷാപ്രവർത്തനങ്ങൾ ഏകീകരിക്കാൻ സർക്കാർ തയാറാകണമെന്ന് യൂത്ത് കോണ്ഗ്രസ് ആവശ്യപ്പെട്ടു. ദുരിതമനുഭവിക്കുന്ന മുഴുവൻ പ്രദേശങ്ങളിലും അടിയന്തരമായി ദുരിതാശ്വാസ ക്യാന്പുകളും കഞ്ഞി വീഴ്ത്തൽ കേന്ദ്രങ്ങളും ആരംഭിക്കണം. കൈനകരി കേന്ദ്രീകരിച്ചു റവന്യൂ അധികാരികളുടെ നേതൃത്വത്തിൽ എല്ലാ വകുപ്പുകളെയും ഒന്നിപ്പിച്ചു കണ്ട്രോൾ റൂം ആരംഭിക്കണം.
മൊബൈൽ ഫോണിന്റെ പ്രവർത്തനങ്ങൾ തടസപ്പെടാതിരിക്കുവാൻ ജനറേറ്ററുകളും മറ്റ് അനുബന്ധ ഉപകരണങ്ങളും ഉയർത്തി സ്ഥാപിക്കുവാനുള്ള നടപടി സ്വീകരിക്കാൻ അധികൃതർ തയാറാകണമെന്നും യൂത്ത് കോണ്ഗ്രസ് ജന്മദിനാഘോഷത്തിൽ സംഘടിപ്പിച്ച യോഗം ആവശ്യപ്പെട്ടു. യൂത്ത് കോണ്ഗ്രസ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി നോബിൻ പി. ജോണ് ഉദ്ഘാടനം ചെയ്തു.
കൈനകരി മണ്ഡലം പ്രസിഡന്റ് ശക്തി കൃഷ്ണൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ജോബിൻ അങ്ങാടിശേരിൽ, റിൻസി വർഗീസ്, ജിമ്മി ജോസഫ്, അനിൽ മുണ്ടയ്ക്കൽ, സുധീഷ് ഇടവനാട്, ഷിജോ അറയ്ക്കത്തറ, സുനിത ഔസേഫ്, റ്റിറ്റോ ഏബ്രഹാം തുടങ്ങിയവർ പ്രസംഗിച്ചു.