കുറ്റൂർ: കരകവിഞ്ഞെത്തിയ മണിമലയാറ്റിലെ വെള്ളം ഒഴുകിപ്പോകാൻ മാർഗമില്ലാത്ത അവസ്ഥയിലാണ് കുറ്റൂരിൽ. എംസി റോഡ് നിർമാണത്തിലെ അശാസ്ത്രീയത മൂലം നദി കരകവിഞ്ഞെത്തുന്ന വെള്ളം കുറ്റൂർ മേഖലയെ ദുരിതത്തിലാക്കി.
കുറ്റൂർ ജംഗ്ഷൻ മുതൽ നന്നൂർ, വള്ളംകുളം റോഡിനോടു ചേർന്ന് താമസിക്കുന്ന അഞ്ഞൂറോളം കുടുംബങ്ങളാണ് ദുരിതം അനുഭവിക്കുന്നത്. കുറ്റൂർ – നന്നൂർ റോഡ് വെള്ളിയാഴ്ച തന്നെ വെള്ളം കയറി ഗതാഗതം മുടങ്ങിയിരുന്നു. എംസി റോഡിന്റെ കിഴക്കു ഭാഗത്തുള്ള പ്രദേശത്തേക്കു കയറുന്ന വെള്ളം ഒഴുകിപ്പോയിരുന്നത് കോതാട്ടുപടിയിലെ കലുങ്കിനടിയിലൂടെയായിരുന്നു. ഈ കലുങ്ക് ഇപ്പോൾ അടച്ചിരിക്കുകയാണ്.
മണ്ണിട്ടു മൂടിയ നിലയിൽ കലുങ്ക് കിടക്കുന്നതോടെ വെള്ളം ഒഴുകിപ്പോകാനാകുന്നില്ല. മുതിരംപുഴ പിഐപി കനാലിന്റെ ഷട്ടർ നാളുകളായി തകർന്നു കിടക്കുന്നതിനാൽ വെള്ളം വേഗത്തിൽ ഇരച്ചു കയറുകയുമാണ്. നന്നൂർ റോഡിലെ റെയിൽവേ അടിപ്പാതയുടെ നിർമാണവും അശാസ്ത്രീയമായിട്ടാണ്. അരയാൾ പൊക്കത്തിൽ റെയിൽവേ അടിപ്പാതയിൽ വെള്ളമുണ്ട്.
വെള്ളം ഒഴുകിപ്പോകാൻ നിർവാഹമില്ലാത്ത സ്ഥിതിയാണ്. നന്നൂർ റോഡിലെ വെള്ളക്കെട്ടിനു പ്രധാന കാരണവും ഇതാണ്. കഴിഞ്ഞവർഷവും ഈ മേഖല കടുത്ത ദുരിതത്തിലായിരുന്നു.
വൻ നാശനഷ്ടമാണ് ഈ പ്രദേശത്തുണ്ടായത്. ഇത്തവണയും നൂറുകണക്കിന് വീടുകളിൽ വെള്ളം കയറി. ഏറെപ്പേരും ദുരിതാശ്വാസ ക്യാന്പുകളിലേക്കും ബന്ധുവീടികളിലേക്കും മാറിയിരിക്കുകയാണ്.