സ്വന്തം ലേഖകൻ
തിരുവനന്തപുരം: മാധ്യമപ്രവർത്തകനായ കെ.എം. ബഷീർ കൊല്ലപ്പെട്ട കേസിൽ വാഹനം ഓടിച്ചിരുന്ന ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമൻ മദ്യപിച്ചിരുന്നതായി കേസിലെ പ്രധാന സാക്ഷികളിൽ ഒരാളായ ജോബി പോലീസിന്റെ പ്രത്യേക അന്വേഷണസംഘത്തിനു മൊഴി നൽകി.
കാറിൽ നിന്നു പുറത്തിറങ്ങിയ അദ്ദേഹത്തിനു മദ്യത്തിന്റെ മണം മാത്രമല്ല, അമിതമായി മദ്യപിച്ചവർ കാട്ടുന്ന ശരീര ഭാഷയുമായിരുന്നുവെന്നു ജോബി മൊഴി നൽകി. അന്വേഷണ സംഘത്തലവൻ നർകോട്ടിക് സെൽ ഡിവൈഎസ്പി ഷീൻ തറയിലിന്റെ നേതൃത്വത്തിൽ ഇന്നലെ പ്രധാന ദൃക്സാക്ഷിയുടെ മൊഴി രേഖപ്പെടുത്തി. കേസിലെ കൂടുതൽ സാക്ഷികളുടെ മൊഴിയാണു വരും ദിവസങ്ങളിൽ രേഖപ്പെടുത്തും. അന്വേഷണവുമായി ബന്ധപ്പെട്ട സ്ഥിതിവിവര റിപ്പോർട്ട് കോടതിക്കു കൈമാറി.
ശ്രീറാം വെങ്കിട്ടരാമന്റെ വിരലടയാളം, ശാസ്ത്രീയ പരിശോധനകൾക്കായി ഫിംഗർ പ്രിന്റ് ബ്യൂറോയ്ക്കു പോലീസ് കൈമാറി. അപകട സമയത്തു കാറിന്റെ സ്റ്റിയറിംഗിൽനിന്നും കാറിൽനിന്നും ശേഖരിച്ച വിരലടയാളങ്ങളുമായി ഒത്തു ചേരുന്നുണ്ടോയെന്നു പരിശോധിക്കാനാണിത്.
അപകടത്തിൽ പരുക്കേറ്റതിനെതുടർന്നു കൈയിൽ ബാൻഡേജ് ഇട്ട സാഹചര്യത്തിൽ വിരലടയാളം ശേഖരിക്കുന്നത് ഏതാനും ദിവസം ശ്രീറാമും ഡോക്ടർമാരും തടഞ്ഞിരുന്നു. കാറിൽ ഒപ്പമുണ്ടായിരുന്ന വഫ ഫിറോസിന്റെയും വിരലടയാളം ശേഖരിച്ചിരുന്നു.
അപകടത്തിൽപ്പെട്ട കാറിന്റെ ശാസ്ത്രീയ വിവരങ്ങൾ ശേഖരിക്കുന്നതിനായി വോൾക്സ് വാഗണ് കന്പനിക്കു കത്ത് നൽകി. അപകടമുണ്ടായ ശേഷം വാഹനത്തിനുണ്ടാകുന്ന മാറ്റങ്ങളുമായി ബന്ധപ്പെട്ട റിപ്പോർട്ട് വാഹന നിർമാണ കന്പനിക്കു കത്തു നൽകിയത്.
കാറിന്റെ ഇടതുവശം മതിലിലേക്ക് ഇടിച്ചു കയറുന്പോൾ വാഹനം ഓടിച്ചിരുന്ന തനിക്കു പരുക്കേൽക്കില്ലെന്നും താൻ വാഹനത്തിന്റെ ഇടതുവശത്ത് ഇരുന്നതിനാലാണു പരിക്കേറ്റതെന്നും ശ്രീറാം വെങ്കിട്ടരാമന്റെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞിരുന്നു. ഈ സാഹചര്യം അടക്കമുള്ള സാങ്കേതിക കാര്യങ്ങളിൽ വ്യക്തത തേടിയാണു വാഹനനിർമാണ കന്പനിയുടെ സഹായം തേടിയത്.
കഴിഞ്ഞ ദിവസം ശ്രീറാം വെങ്കിട്ടരാമനേയും കാറിൽ ഒപ്പമുണ്ടായിരുന്ന വനിത വഫ ഫിറോസിനേയും പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. അപകട സമയത്തു ശ്രീറാം മദ്യപിച്ചിരുന്നതായി വഫ ഫിറോസ് മൊഴി നൽകി. എന്നാൽ, അപകടസമയത്തു മദ്യപിച്ചിരുന്നില്ലെന്നാണു ശ്രീറാം മൊഴി നൽകിയത്.