വൈക്കം: ജില്ലയിൽ ഇന്ന് മഴ മാറിന്നിന്നതോടെ താഴ്ന്ന പ്രദേശങ്ങളിൽ നിന്നും വെള്ളം ഇറങ്ങി തുടങ്ങി.പടിഞ്ഞാറൻ മേഖലയായ വൈക്കത്തെ റോഡിൽ നിന്നും പുരയിടങ്ങളിൽ നിന്നും വെള്ളം താഴ്ന്ന് തുടങ്ങി. മൂവാറ്റുപുഴയാർ നിറഞ്ഞ് കവിഞ്ഞതിനെ തുടർന്നാണ് ഈ പ്രദേശങ്ങളിൽ വെള്ളം കയറിയത്.
പുഴയുടേയും നാട്ടു തോടുകളുടേയും സമീപത്തും താഴ്ന്ന പ്രദേശങ്ങിലും താമസിക്കുന്ന കുടുംബങ്ങളെ ക്യാന്പുകളിലേക്ക് മാറ്റി പാർപ്പിച്ചു. വൈക്കം കൊടിയാട് കമ്യൂണിറ്റി ഹാൾ, പടിഞ്ഞാറേക്കര ഗവണ്മെന്റ് എൽപി സ്കൂൾ, വല്ലകം സെന്റ് മേരീസ് സ്കൂൾ, മറവൻതുരുത്ത് യുപിഎസ്, കുലശേഖരമംഗലം കടായി സ്കൂൾ, തലയോലപ്പറന്പ് ഡിബി കോളേജ്, തലയോലപ്പറന്പ് എ.ജെ. ജോണ് തുടങ്ങിയ സ്കൂളുകളിലാണ് ക്യാന്പുകൾ തുറന്നത്.
വല്ലകം സെന്റ് മേരീസ് സ്കൂളിൽ 200 ഓളം കുടുംബങ്ങളിലായി 800 ലധികം പേരെ മാറ്റി പാർപ്പിച്ചിട്ടുണ്ട്. തലയോലപ്പറന്പ്, തലയാഴം, ഉദയനാപുരം, ടി.വി.പുരം, ചെന്പ്, മറവൻതുരുത്ത്, വെച്ചൂർ ഭാഗങ്ങളിലെ താഴ്ന്ന പ്രദേശങ്ങളിലും ചെറിയ തോതിൽ വെള്ളം ഇറങ്ങി തുടങ്ങിയിട്ടുണ്ട്.
തലയോലപ്പറമ്പ്- വൈക്കം റോഡിൽ നിന്ന് വെള്ളം ഇറങ്ങി. കെഎസ്ആർടിസിയും സ്വകാര്യ ബസുകളും ഇന്ന് രാവിലെ പത്തുമണിയോടെ സർവീസ് ആരംഭിച്ചിട്ടുണ്ട്. ഇന്നലെ ഗതാഗതം പൂർണ്ണമായും സ്തിഭിച്ചിരുന്നു. നിരവധി ഇരുചക്രവാഹനങ്ങൾ ആണ് പൊട്ടൻചിറയിലും വടയാറും വെള്ളത്തിൽ നിന്നുപോയത്. ഇളങ്കാവ് ദേവീ ക്ഷേത്രം ഇപ്പോഴും വെള്ളത്തിൽ ആണ്.