പ്രളയത്തില്‍ ജനങ്ങള്‍ ദുരിതപ്പെടുന്നതിനിടയിലും ഞരമ്പുരോഗികളുടെ വിളയാട്ടം. ഫേസ്ബുക്കിലൂടെ വ്യാജവാര്‍ത്ത പ്രചരിപ്പിച്ച യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. ഇരവിപേരൂര്‍ കരിമുളയ്ക്കല്‍ വീട്ടില്‍ സതീഷ്കുമാറി(രഘു)വിനെയാണ് തിരുവല്ല പൊലീസ് ഇന്നലെ രാത്രി അറസ്റ്റ് ചെയ്തത്. ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.
ഇരുവള്ളപ്ര സെന്റ് തോമസ് എച്ച്എസ്എസില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പിലുള്ള സ്ത്രീകള്‍ക്ക് അടിയന്തിരമായി അടിവസ്ത്രങ്ങള്‍ എത്തിക്കമെന്നായിരുന്നു സതീഷ്കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഇത് ശ്രദ്ധയില്‍പ്പെട്ട ഇരവിപേരൂര്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റും വാര്‍ഡ് മെമ്പറുമായ അജിത പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ക്യാമ്പില്‍ നിന്ന് അങ്ങനെ ആരും ഒരു ആവശ്യവും ഉന്നയിച്ചിരുന്നില്ലെന്നും ഇത് വ്യാജപ്രചാരണമാണെന്നുമായിരുന്നു അജിതയുടെ പരാതി.
മാത്രവുല്ല, സ്ത്രീകള്‍ക്ക് വസ്ത്രങ്ങള്‍ വേണമെന്നല്ല, ഇയാള്‍ ആവശ്യപ്പെട്ടത്. അടിവസ്ത്രങ്ങള്‍ വേണമെന്നായിരുന്നു. ഇത് മനഃപൂര്‍വം, ക്യാമ്പിലുള്ള സ്ത്രീകളെ അവഹേളിക്കുന്നതിന് വേണ്ടിയാണെന്നും അജിത പരാതിയില്‍ സൂചിപ്പിച്ചിരുന്നു. പ്രളയം, ദുരിതാശ്വാസ ക്യാമ്പുകള്‍ എന്നിവ സംബന്ധിച്ച് വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നവരെ അറസ്റ്റ് ചെയ്യാന്‍ മുഖ്യമന്ത്രി ഡിജിപിക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതു പ്രകാരം ഡിജിപി സര്‍ക്കുലര്‍ ഇറക്കുകയും ചെയ്തിരുന്നു. ഇത്തരത്തില്‍ പത്തനംതിട്ട ജില്ലയിലെ ആദ്യ അറസ്റ്റാണിത്. താന്‍ സദുദ്ദേശ്യത്തോടെയാണ് പോസ്റ്റിട്ടത് എന്നുള്ള പ്രതിയുടെ വാദഗതികളൊന്നും പൊലീസ് ചെവിക്കൊണ്ടില്ല. 119(ബി), 120 (ഓ) വകുപ്പുകള്‍ പ്രകാരമാണ് കേസ്. രാത്രി തന്നെ ജാമ്യത്തില്‍ വിട്ടയച്ചു.