ശ്രീനഗർ: പ്രതിഷേധങ്ങൾ ശക്തമായതിനെ തുടർന്ന് ശ്രീനഗറിൽ വീണ്ടും നിരോധനാജ്ഞ പുറപ്പെടുവിച്ചു. നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതിനെത്തുടർന്ന് നഗരത്തിൽ ഇടയ്ക്കിടെ ഏറ്റുമുട്ടലുകൾ നടന്നതായി സർക്കാർ പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് നിരോധനാജ്ഞ പുറപ്പെടുവിച്ചത്.
ആളുകൾ കൂട്ടം കൂടരുതെന്നും വീടുകളിലേക്കു മടങ്ങണമെന്നും പോലീസ് വാഹനങ്ങളിൽ അറിയിപ്പു നൽകി. കടകൾ അടയ്ക്കാനും പോലീസ് ആവശ്യപ്പെട്ടു. ബാരാമുള്ളയിലും ശ്രീനഗറിലും തെരവിൽ പ്രതിഷേധങ്ങൾ നടന്നതായി കഴിഞ്ഞ ദിവസം ആഭ്യന്തരമന്ത്രാലയ വക്താവ് അറിയിച്ചിരുന്നു. എന്നാൽ ഇരുപതോളം പ്രതിഷേധക്കാർ മാത്രമാണ് ഉണ്ടായിരുന്നെന്നും പറയുന്നു.
ശ്രീനഗറിൽ പതിനായിരങ്ങൾ പങ്കെടുത്ത പ്രതിഷേധ റാലി നടന്നനെന്ന വാർത്ത ആഭ്യന്തരമന്ത്രാലയം നിഷേധിച്ചു. വാർത്ത വാസ്തവ വിരുദ്ധമാണെന്ന് ആഭ്യന്തരമന്ത്രാലയം പറഞ്ഞു. സംസ്ഥാനത്ത് സ്ഥിതിഗതികൾ ശാന്തമാണെന്നും ഒരിടത്തും അക്രമങ്ങൾ അരങ്ങേറിയിട്ടില്ലെന്നും ജമ്മുകാഷ്മീർ പോലീസ് ട്വീറ്റ് ചെയ്തു.