തിരുവനന്തപുരം: സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നു. മഴക്കെടുതികളിൽ മരിച്ചവരുടെ എണ്ണം 78 ആയി. അതിതീവ്രമഴയുടെ മുന്നറിയിപ്പായ റെഡ് അലർട്ട് പിൻവലിച്ചിട്ടുണ്ട്. സംസ്ഥാനത്തെ 1,664 ദുരിതാശ്വാസ ക്യാന്പുകളിലായി 2,76,608 പേർ കഴിയുകയാണ്.
ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലര്ട്ടാണ് ഇന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. ചിലയിടങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെങ്കിലും പരക്കെ മഴയില്ലാത്തത് ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് വേഗം കൂട്ടാൻ സഹായകമായിട്ടുണ്ട്.
മലപ്പുറത്തെ കവളപ്പാറയിലും വയനാട്ടിലെ പുത്തുമലയിലും ഉരുൾപൊട്ടലിൽ കാണാതായവർക്കായുള്ള തെരച്ചിൽ രാവിലെ തന്നെ ആരംഭിച്ചിട്ടുണ്ട്. മഴ ഒഴിഞ്ഞു നിൽക്കുന്നതിനാൽ കൂടുതൽ ജെസിബിയും ഹിറ്റാച്ചിയും കൊണ്ടുവന്ന് മണ്ണിനടിയിലായവരെ കണ്ടെത്താനുള്ള ശ്രമങ്ങൾക്ക് വേഗം കൂട്ടിയിട്ടുണ്ട്.
മഴ കുറഞ്ഞതോടെ പുഴകളിൽ ജലനിരപ്പ് കുറഞ്ഞിട്ടുണ്ട്. വെള്ളക്കെട്ട് നീങ്ങിയ സ്ഥലങ്ങളിൽ ജനങ്ങൾ ക്യാന്പുകളിൽ നിന്ന് വീടുകളിലേക്ക് മടങ്ങിത്തുടങ്ങിയിട്ടുണ്ട്. ആദ്യ ദിവസങ്ങളിലെ മരവിപ്പിൽ നിന്നും കുപ്രചരണങ്ങളിൽ നിന്നും മോചിതമായതോടെ ദുരിതാശ്വാസ ക്യാന്പിലേക്ക് സാധനങ്ങൾ എത്തിക്കാനുള്ള ശ്രമങ്ങളും ഊർജിതമായിട്ടുണ്ട്.
സംസ്ഥാനത്ത് ഉടനീളം കളക്ഷൻ സെന്ററുകൾ പ്രവർത്തിക്കുന്നുണ്ട്. വലിയ പ്രതികരണമാണ് ജനങ്ങളുടെ ഭാഗത്തു നിന്നും ഇപ്പോഴുണ്ടാകുന്നത്. തിരുവനന്തപുരം നഗരസഭയിൽ നിന്നും ഇതിനകം ആറു ലോഡ് സാധനങ്ങൾ കോഴിക്കോട് വയനാട് ജില്ലകളിലേക്ക് കൊണ്ടു പോയിട്ടുണ്ട്.
തിരുവനന്തപുരത്തെ പത്ര പ്രവർത്തരുടെ കൂട്ടായ്മയുടെ നേതൃത്വത്തിൽ ശേഖരിച്ച രണ്ടു ലോറി സാധനങ്ങൾ ഇന്നലെ രാത്രി പോത്തുകല്ലിലേയ്ക്ക് കയറ്റി അയച്ചു. ഇന്നു രാവിലെ അവിടെ എത്തിയ സാധനങ്ങൾ പോത്തുകല്ല് പഞ്ചായത്തു പ്രസിഡന്റിന് കൈമാറി. ഇന്നു തന്നെ വിവിധ ദുരിതാശ്വാസ ക്യാന്പുകളിൽ ഇതു വിതരണം ചെയ്യും.
ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂന മർദ്ദത്തിന് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ന്യൂന മർദ്ദം നാളെ രൂപപ്പെട്ടേക്കും. പരക്കെ മഴ ഉണ്ടാകും. അതി തീവ്ര മഴയ്ക്ക് സാധ്യതയില്ലെന്നും തീരദേശ മേഖലകളിൽ സാമാന്യം ഭേദപ്പെട്ട മഴ ഉണ്ടാകുമെന്നും കാലാവസ്ഥ നീരീക്ഷണ കേന്ദ്രം പറയുന്നു.