കോട്ടയം: റോഡുകളിൽ വെള്ളം കയറിയതിനെത്തുടർന്ന് റദ്ദാക്കിയ ബസ് സർവീസുകൾ പുന:സ്ഥാപിച്ചില്ല. കോട്ടയം-കുമരകം-ചേർത്തല റൂട്ടിൽ ബസ് സർവീസ് ഭാഗികമാണ്. നാലു റൂട്ടുകളിൽ കഐസ്ആർടിസി ഇന്നലെ സർവീസ് നിരോധിച്ചു. മൂന്നാർ, ചേർത്തല, കുമരകം, ആലപ്പുഴ റൂട്ടുകളിലേക്കുള്ള ബസ് സർവീസുകളാണ് റദ്ദാക്കിയത്.
കോട്ടയം – കുമരകം റൂട്ടിലും ചങ്ങനാശേരി – ആലപ്പുഴ റൂട്ടിലും നിരവധി സ്ഥലങ്ങളിൽ വാഹനങ്ങൾക്കു കടന്നു പോകാൻ കഴിയാത്തവിധം വെള്ളം കയറിയിട്ടുണ്ട്. കോട്ടയം ഡിപ്പോയിൽനിന്നും അയ്മനം, പരിപ്പ്, ഒളശ, കല്ലറ, നീണ്ടൂർ, കാവാലം തുടങ്ങിയ റൂട്ടുകളിൽ റോഡിൽ വെള്ളം കയറിയതിനെത്തുടർന്നു സർവീസ് മുടങ്ങി. ഇതോടെ യാത്രക്കാർ ബുദ്ധിമുട്ടി. ഈ റൂട്ടുകളിലെ സ്വകാര്യ ബസുകളും സർവീസ് നടത്തുന്നില്ല.
കോട്ടയം നഗരസഭയുടെ പടിഞ്ഞാറൻ മേഖല, അയ്മനം, ആർപ്പൂക്കര, തിരുവാർപ്പ്, കുമരകം, നീണ്ടൂർ, ആർപ്പൂക്കര പഞ്ചായത്തുകളുടെ പടിഞ്ഞാറൻ മേഖലകളിൽ കരമാർഗമുള്ള യാത്രാ സംവിധാനങ്ങൾ നിലച്ചിരിക്കുകയാണ്. പടിഞ്ഞാറൻ മേഖലയിലെ പല സ്ഥലങ്ങളും രണ്ടു ദിവസമായി പൂർണമായും ഒറ്റപ്പെട്ടിരിക്കുകയാണ്.