മലപ്പുറം: കനത്ത മഴയിൽ ദുരിതം വിതച്ച നിലന്പൂരിലെ മലയോര പ്രദേശങ്ങളിൽ ഭക്ഷണ പൊതികളുമായി എയർഫോഴ്സിന്റെ ഹെലികോപ്റ്ററിറങ്ങി. മലപ്പുറം എം.എസ്.പി മൈതാനത്തും നിന്നു പുറപ്പെട്ട എയർഫോഴ്സ് സംഘം നിലന്പൂരിലെ കവളപ്പാറയിലും ഒട്ടേറെപേർ കുടുങ്ങി കിടക്കുന്ന എടക്കര മുണ്ടേരിയിയിൽ അടക്കമുള്ള പ്രദേശങ്ങളിലും ഭക്ഷണ പൊതികൾ വിതരണം ചെയ്തു.
ജില്ലാ ഭരണ കൂടത്തിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും മലപ്പുറം കളക്ടറേറ്റ് കോണ്‍ഫറൻസ് ഹാളിൽ ശേഖരിച്ച അവശ്യ സാധനങ്ങളിൽ നിന്നു കുപ്പി വെള്ളവും അത്യാവശ്യ ഭക്ഷണ സാധനങ്ങളും അടങ്ങുന്ന 1000 പാക്കറ്റുകളാണ് വിതരണം ചെയ്തത്. കാലാവസ്ഥ പ്രശ്നങ്ങൾ ഇല്ലാത്തതിനാൽ വിതരണം സുഗമമായി നടന്നു.
ചെളിയിലും വെള്ളത്തിലും വീണാലും കേടുവരാത്ത രീതിയിലായിരുന്നു സാധനങ്ങൾ പാക്ക് ചെയ്തിരുന്നത്. ജില്ലാ കളക്ടർ ജാഫർ മലിക്, അസിസ്റ്റന്റ് കളക്ടർ രാജീവ്കുമാർ ചൗധരി, ഡെപ്യൂട്ടി കളക്ടർ ജെ.ഒ അരുണ്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ഭക്ഷണ പൊതികൾ തയാറാക്കിയത്. നിലന്പൂരിലെ ആദിവാസി കോളനികളിൽ ഒട്ടേറെ കുടുംബങ്ങളാണ് ചാലിയാറിനക്കരെ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ഒറ്റപ്പെട്ടു പോയത്.
ചാലിയാറിലെ ഒഴുക്കു കാരണം എൻആർഡിഎഫ് സംഘത്തിന് അവരെ ഇക്കരെ എത്തിക്കാനുള്ള ശ്രമവും ഫലം കാണാത്തതിനെത്തുടർന്ന് കയർ മാർഗം ചാക്കിൽ കെട്ടിയായിരുന്നു ഭക്ഷണവും വെള്ളവും എത്തിച്ചു കൊടുത്തത്. തുടർന്നാണ് ജില്ലാ കളക്ടറുടെ അഭ്യർഥന പ്രകാരം ഹെലികോപ്റ്റർ വഴി ഭക്ഷണം വിതരണം ചെയ്തത്.