ചാലക്കുടി: മഴ കുറഞ്ഞതോടെ ആശ്വാസമായി പെരിങ്ങൽക്കുത്ത് ഡാമിലേക്കുള്ള നീരൊഴുക്കും കുറഞ്ഞു. ജലനിരപ്പ് താഴ്ന്ന് ഡാമിന്റെ ഏഴ് ക്രസ്റ്റ് ഗേറ്റുകളിലൂടെയും ചാലക്കുടി പുഴയിലേക്ക് ജലം ഒഴുകിയിരുന്നത് നിലച്ചു. നിലവിൽ ഡാമിന്റെ നാല് സ്ലൂയിസ് ഗേറ്റുകളിൽ രണ്ടെണ്ണത്തിലൂടെ മാത്രമാണ് ജലം പുഴയിലേക്ക് ഒഴുകുന്നത്. ഇന്നലെ വൈകീട്ട് ആറിന് ഡാമിൽ സംഭരണ ശേഷിയുടെ 58.6 ശതമാനം മാത്രം ജലമാണുള്ളത്.
ഡാമിന്റെ ഇപ്പോഴത്തെ ജലനിരപ്പ് 418.95 മീറ്ററാണ്. ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെയാണു ക്രസ്റ്റ് ഗേറ്റുകളിലൂടെയുള്ള ജലമൊഴുക്ക് നിലച്ചത്. ഡാമിന്റെ ഏഴ് ക്രസ്റ്റ് ഗേറ്റുകളും ഏറ്റവും താഴത്തെ നിലയിൽ ക്രമീകരിച്ചിരിക്കുകയായിരുന്നു. ഒഴുകിയെത്തുന്ന വെള്ളം ഡാമിൽ സംഭരിക്കപ്പെടാതെ അതേ അളവിൽ ചാലക്കുടി പുഴയിലേക്ക് ഒഴുകിപ്പോകാൻ അനുവദിക്കുന്നതിനായിരുന്നു ഇത്.
ഡാമിലേക്ക് വൃഷ്ടി പ്രദേശത്തു നിന്നുള്ള നീരൊഴുക്ക് കുറഞ്ഞതായി അധികൃതർ അറിയിച്ചു. രണ്ടു ദിവസം മുന്പത്തെ അപേക്ഷിച്ച് നാലിലൊന്ന് മാത്രമാണ് നീരൊഴുക്ക്. 267.68 ക്യൂമെക്സ് ജലമാണ് ഡാമിലേക്കുള്ള നീരൊഴുക്കെങ്കിൽ സ്ലൂയിസ് ഗേറ്റിലൂടെ 353.08 ക്യൂമെക്സ് ജലം വീതം ഒഴുക്കി വിടുന്നുണ്ട്. ഡാമിന്റെ പൂർണ സംഭരണ ശേഷി 424 മീറ്ററാണ്.
തമിഴ്നാടിന്റെ അധീനതയിലുള്ള ഷോളയാർ ഡാം നിലവിൽ പൂർണ സംഭരണ ശേഷിയിലാണെങ്കിലും അധിക ജലം കേരള ഷോളയാറിലേക്ക് ഒഴുക്കാതെ പറന്പിക്കുളം ഡാമിലേക്കാണ് ഒഴുക്കുന്നത്. കേരള ഷോളയാറിൽ നിലവിൽ സംഭരണ ശേഷിയുടെ 49.2 ശതമാനം മാത്രം ജലമാണുള്ളത്. കേരള ഷോളയാർ തുറന്നാൽ മാത്രമാണ് ആ ജലം പെരിങ്ങൽക്കുത്തിലേക്ക് ഒഴുകിയെത്തുക.
പെരിങ്ങൽക്കുത്തിലേക്ക് നീരൊഴുക്ക് കുറഞ്ഞാൽ ഇപ്പോൾ തുറന്ന രണ്ട് സ്ലൂയിസ് ഗേറ്റുകളും അടക്കുമെന്ന് കെഎസ്ഇബി അധികൃതർ അറിയിച്ചു. ഡാമിൽനിന്നുള്ള വൈദ്യുതി ഉപയോഗിച്ച് രണ്ട് പവർ ഹൗസുകളിലും പൂർണതോതിൽ വൈദ്യുതി ഉൽപാദിപ്പിക്കുന്നുണ്ട്.