ആലുവ: ഇടിച്ചു നിരത്തിയ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് മഴയെത്തുടർന്ന് ചെളിക്കുളമായതോടെ കനത്ത മഴയിൽ ദീർഘദൂര യാത്രക്കാരടക്കം കടുത്ത ദുരിതത്തിൽ. ഒരു മാസം മുമ്പ് കെഎസ്ആർടിസി ബസ് ഡിപ്പോ പൂർണമായി ഇല്ലാതായതോടെയാണ് ശക്തമായ കാറ്റത്തും കനത്ത മഴയത്തും കയറി നിൽക്കാനൊരിടമില്ലാതെ സ്ത്രീകളും കുട്ടികളുമടങ്ങുന നൂറു കണക്കിന് യാത്രക്കാരാണ് കഷ്ടപ്പെടുന്നത്.
വർഷകാലമായതിനാൽ ഒരു കാത്തുനിൽപ്പ് കേന്ദ്രം യാത്രക്കാർക്കായി താത്ക്കാലികമായി നിർമിക്കാൻ മൂന്നാഴ്ച മുമ്പ് ചേർന്ന യോഗം തീരുമാനിച്ചെങ്കിലും ഇതുവരെയും നടപ്പിലായിട്ടില്ല. ഡിപ്പോ പൊളിച്ചുനീക്കുന്നതിന് മുന്നോടിയായി സ്വകാര്യ ബസ് സ്റ്റാൻഡിലേക്ക് നീക്കിയ കെഎസ്ആർടിസി ബസുകൾ തിരികെയെത്തി.
എന്നാൽ ആകെ ചെളിക്കുളമായ ബസ് സ്റ്റാൻഡിൽ ബസുകൾ എവിടെയാണ് നിർത്തുന്നത് അറിയാത്തതിൽ യാത്രക്കാർ പലപ്പോഴും ഓട്ടത്തിലാണ്. ചില ബസുകൾ പുറത്ത് റോഡിൽ തന്നെയാണ് നിർത്തുന്നത്. എന്നാൽ ബസുകളുടെ വരവ് പോക്കുകളെക്കുറിച്ച് അന്വേഷണം നടത്താൻ സംവിധാനവുമില്ല.
ചോദിക്കാനോ പറയാനോ ആരുമില്ലാതായതോടെ തോന്നിയപോലെയാണ് ബസുകൾ പുറപ്പെടുന്നതെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്. ഇവിടെയുണ്ടായിരുന്ന ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് പോകുന്ന ബസുകളുടെ സമയവിവരപട്ടികയും എടുത്തു മാറ്റി. അതിനാൽ സമയക്രമം അറിയാനും യാത്രക്കാർക്ക് കഴിയുന്നില്ല.
പുതിയ കെഎസ്ആർടിസി ബസ് ടെർമിനൽ നിർമിക്കാനാണ് നിലവിലെ എൽ ആകൃതിയിൽ ഉണ്ടായിരുന്ന പഴയ കെട്ടിടം തകർത്തത്. പുതിയ കെട്ടിടത്തിന്റെ നിർമാണത്തിനായി ചിങ്ങമാസത്തിൽ തറക്കല്ലിടാനാണ് അധികൃതരുടെ തീരുമാനം. അതിനാൽ രണ്ടര വർഷത്തോളം കാറ്റും മഴയും വെയിലും കൊണ്ട് ബസ് കാത്തുനിൽക്കാനാണ് യാത്രക്കാരുടെ വിധി.