ജമ്മു കാഷ്മീരിന് പ്രത്യേക പദവി നല്കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദ് ചെയ്തതിനു പിന്നാലെ കാഷ്മീരില്‍ വന്‍ തൊഴിലിടങ്ങള്‍ക്ക് അരങ്ങൊരുങ്ങുന്നു. സ്വകാര്യമേഖലയിലെ നിക്ഷേപത്തിന് പ്രേരണ നല്‍കുമെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനക്ക് പിന്നാലെ പുതുതായി രൂപീകരിച്ച കേന്ദ്രഭരണപ്രദേശങ്ങളില്‍ നിക്ഷേപത്തിനൊരുങ്ങി രാജ്യങ്ങളും കമ്പനികളും. പുതുതായി രൂപീകരിച്ച കേന്ദ്രഭരണ പ്രദേശങ്ങളായ ലഡാക്കിലും കശ്മീരിലും നിക്ഷേപം നടത്തുമെന്ന് റിലയന്‍സ് ഗ്രൂപ്പ് അറിയിച്ചിട്ടുണ്ട്. സ്ഥിതിഗതികള്‍ ശാന്തമായാല്‍ നിക്ഷേപത്തിനായി ജപ്പാന് കമ്പനികള്‍ എത്തുമെന്ന് ജാപ്പനീസ് അംബാസിഡര്‍ കെഞ്ചി ഹിരമത്സുവും നേരത്തേ വ്യക്തമാക്കിയിരുന്നു.
പുതുതായി രൂപീകരിക്കപ്പെട്ട കേന്ദ്രഭരണപ്രദേശങ്ങളായ ജമ്മു കശ്മീരിലും ലഡാക്കിലും റിലയന്‍സ് ഗ്രൂപ്പ് നിക്ഷേപം നടത്തുമെന്ന് ചെയര്മാന് മുകേഷ് അംബാനി അറിയിച്ചു. മുബൈയില്‍ റിലയന്‍സിന്റെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുമ്പോള്‍ ആണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കശ്മീരിലേയും ലഡാക്കിലേയും ജനങ്ങളുടെ ആശയ്ക്കും അഭിലാഷത്തിനും അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. രണ്ട് കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും വേണ്ടിയുള്ള പ്രത്യേക പദ്ധതികള്‍ വരും ദിവസങ്ങളില്‍ റിലയന്‍സ് ഗ്രൂപ്പ് പ്രഖ്യാപിക്കും. ഇതിനായി പ്രത്യേക ടീമിനെ തന്നെ നിയോഗിച്ചിട്ടുണ്ടെന്നും അംബാനി വ്യക്തമാക്കി.
ജമ്മു കാഷ്മീരില്‍ സ്ഥിതിഗതികള്‍ സാധാരണഗതിയിലായാല്‍ സംസ്ഥാനത്ത് നിക്ഷേപം നടത്താനും ബിസിനസ് ബന്ധം സ്ഥാപിക്കാനും തയ്യാറാണെന്ന് ജാപ്പനീസ് അംബാസിഡര്‍ കെഞ്ചി ഹിരമത്സുവും വ്ക്തമാക്കിയിരുന്നു. ബംഗാള്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രീസ് കൊല്‍ക്കത്തയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ജാപ്പനീസ് അംബാസിഡര്‍. ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധവും പ്രതിരോധ സുരക്ഷാ സഹകരണവും എക്കാലത്തെയും മെച്ചപ്പെട്ട തലത്തിലാണെന്നും അംബാസിഡര്‍ കൂട്ടിച്ചേര്‍ത്തു. 2014 ല്‍ 1,156 ജാപ്പനീസ് കമ്പനികള്‍ ഇന്ത്യയില്‍ ഉണ്ടായിരുന്നെങ്കില്‍ ഇപ്പോഴത് 1,441 ആയി ഉയര്‍ന്നു. കശ്മീരിന്റെ പ്രത്യേക അധികാരങ്ങള്‍ എടുത്തുകളഞ്ഞ ശേഷം ലഭിക്കുന്ന ആദ്യ വിദേശ നിക്ഷേപ വാഗ്ദാനമാണിത്. അടുത്ത രണ്ട് മാസത്തിനകം ശ്രീനഗറില്‍ നിക്ഷേപ ഉച്ചകോടി സംഘടിപ്പിക്കാനൊരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍.
കാഷ്മീരിന്റെ പ്രത്യേക അധികാരങ്ങള്‍ റദ്ദാക്കാനും സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കാനും തീരുമാനിച്ച ശേഷം രാജ്യത്തെ വ്യവസായികളോട് ജമ്മു കാഷ്മീരില്‍ കൂടുതല്‍ നിക്ഷേപം നടത്താനും ജമ്മുവിലെ ഉത്പന്നങ്ങള്‍ക്ക് പുതിയൊരു വിപണി ഉണ്ടാക്കി കൊടുക്കാനും പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചിരുന്നു. ലോകത്തെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ടൂറിസം കേന്ദ്രങ്ങളായി വളരാന്‍ ജമ്മു കാഷ്മീരിനും ലഡാക്കിനും സാധിക്കും. ബോളിവുഡ് സിനിമ സംവിധായകര്‍ക്ക് ഒരുകാലത്ത് ഏറ്റവും പ്രിയപ്പെട്ട ലൊക്കേഷനായിരുന്നു ജമ്മു കാഷ്മീര്‍ ഒരിക്കല്‍. എനിക്കുറപ്പുണ്ട് ഭാവിയില്‍ ബോളിവുഡിലേയും തെലുങ്കിലേയും തമിഴിലേയും സിനിമാ പ്രവര്‍ത്തകര്‍ കാഷ്മീരിലേക്ക് വരും. ലോകോത്തര സിനിമകള്‍ അവിടെ ജനിക്കും എന്നും നരേന്ദ്ര മോദി പ്രത്യാശ പ്രകടിപ്പിച്ചിരുന്നു.
ജമ്മു കശ്മീരിലെ യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ ഉണ്ടാവും എന്ന് തന്റെ പ്രസംഗത്തില്‍ പ്രധാനമന്ത്രി ഉറപ്പ് നല്‍കിയിരുന്നു. ഒഴിഞ്ഞു കിടക്കുന്ന പോസ്റ്റുകളില്‍ എല്ലാം സര്‍ക്കാര്‍ ഉടനെ നിയമനം നടത്തും. ഇതോടൊപ്പം പൊതുമേഖലാ സ്ഥാപനങ്ങളും സ്വകാര്യ കമ്പനികളും കൂടി ജമ്മു കശ്മീരില്‍ എത്തുന്നതോടെ വന്‍തോതിലുള്ള തൊഴിലവസരങ്ങളാവും ജമ്മു കാഷ്മീരിലെ ജനങ്ങള്‍ക്ക് ലഭിക്കുക എന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. അതാണ് ഇപ്പോള്‍ യാഥാര്‍ഥ്യമാകാന്‍ പോകുന്നത്.