മാനന്തവാടി: മണ്ണിടിഞ്ഞതുമൂലം മാക്കൂട്ടം ചുരംപാതയിൽ ഗതാഗതം നിരോധിച്ചത് ബംഗളൂരു-കുടക് യാത്ര ദുരിതത്തിലാക്കുന്നു. ഈ പാതയിൽ നിരോധനം ഏർപ്പെടുത്തുന്പോൾ യാത്രക്കാർക്ക് കൊട്ടിയൂർപാൽച്ചുരം പാത ആശ്വാസമായിരുന്നു. എന്നാൽ, റോഡ് തകർന്നതോടെ പാൽച്ചുരം വഴിയുള്ള യാത്രയും പറ്റാതായി. കണ്ണൂരിൽനിന്ന് കുടകിലേക്കും ബെംഗളൂരുവിലേക്കുമുള്ള ബസുകൾ ഇപ്പോൾ നെടുന്പൊയിൽ മാനന്തവാടി വഴിയാണ് പോകുന്നത്. മാക്കൂട്ടം പാതയേക്കാൾ ആറും എട്ടും മണിക്കൂർ അധികം വേണം ഇതിന്.
മാക്കൂട്ടം ചുരം പാതയിൽ ചെറുവാഹനങ്ങൾ കടത്തിവിടാനുള്ള അറ്റകുറ്റപ്പണികൾ നടക്കുന്നുണ്ട്. 30 അടി താഴ്ചയിലാണ് ഇവിടെ റോഡ് ഇടിഞ്ഞത്. മഴയെത്തുടർന്ന് തീവണ്ടിയാത്രയും മുടങ്ങിയതോടെ വിദ്യാർഥികൾ, ബിസിനസുകാർ, ഉദ്യോഗസ്ഥർ തുടങ്ങി ആയിരങ്ങളുടെ യാത്രയാണ് ക്ലേശത്തിലായത്. പച്ചക്കറി പലചരക്ക് ലോറികളുടെ വരവും പ്രതിസന്ധിയിലായിട്ടുണ്ട്. ഇത് വിലക്കയറ്റത്തിനും കാരണമായേക്കും.
കണ്ണൂർ-ബംഗളൂരു കെഎസ്ആർടിസി ബസ് സർവീസ് നിർത്തിയതിൽ പ്രതിഷേധമുയരുന്നുണ്ട്. മാനന്തവാടിയിൽനിന്ന് ബാവലി വഴിയും കുട്ട വഴിയുമാണ് കർണാടകയിലേക്ക് ബസുകൾ ഓടുന്നത്. ബാവലിയിൽ രാത്രിയാത്രാനിരോധനം നിലനിൽക്കുന്നതിനാൽ എല്ലാ സമയവും കടന്നു പോകാനാവുക തോൽപ്പെട്ടി-കുട്ട വഴിയാണ്. ഇതുവഴി ദൂരം കൂടുതലാണ്. മാനന്തവാടി വഴിയുള്ള ബസ് സർവീസാണ് കെഎസ്ആർടിസി കണ്ണൂർ ഡിപ്പോ അധികൃതർ കഴിഞ്ഞ ദിവസം നിർത്തിവെച്ചത്.
ഈ റൂട്ടിൽ സ്വകാര്യ ബസുകളാണ് ഇപ്പോൾ ആശ്രയം. ബാണാസുരസാഗർ അണക്കെട്ട് തുറന്നതിനാൽ ഗോണികുപ്പയിൽ വെള്ളം കയറുമെന്ന ഭീതിയാണ് ബസുകൾ ഓടാത്തതിന് കാരണമായി കഐസ്ആർടിസി അധികൃതർ പറയുന്നത്. എന്നാൽ കഐസ്ആർടിസിയുടെ ഈ വാദം ശരിയല്ലെന്ന് അന്തർസംസ്ഥാന യാത്രക്കാർ പറയുന്നു. 650 രൂപ കെഎസ്ആർടിസിക്ക് ടിക്കറ്റ് നിരക്കുള്ളപ്പോൾ 1500 രൂപ വരെയാണ് സ്വകാര്യ ബസുകൾ ഈടാക്കുന്നത്.