സ്വന്തം ലേഖകൻ
തൃശൂർ: ജില്ലയിലെ ദുരിതാശ്വാസ ക്യാന്പുകളിൽ കഴിയുന്നത് ആറായിരത്തിലധികം കുട്ടികൾ. ഇന്നലെ വരെയുള്ള കണക്കുപ്രകാരം 6219 കുട്ടികളാണ് ജില്ലയിലെ വിവിധ ദുരിതാശ്വാസ ക്യാന്പുകളിലുള്ളത്. ദിവസങ്ങൾ പ്രായമുള്ള കുഞ്ഞുങ്ങളടക്കം ഇക്കൂട്ടത്തിലുണ്ട്.ദുരന്തങ്ങളുടെ ആഘാതം മറ്റുള്ളവരേക്കാൾ അധികം കുട്ടികളെ ബാധിക്കുമെന്നതിനാൽ 18 വയസിനു താഴെയുള്ള കുട്ടികൾക്ക് ക്യാന്പുകളിൽ പ്രത്യേക പരിഗണന നൽകണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
പതിനഞ്ച് നിർദ്ദേശങ്ങൾ അഥോറിറ്റി ദുരിതാശ്വാസ ക്യാന്പുകളിൽ കുട്ടികളുടെ സുരക്ഷയ്ക്കും മുൻഗണനയ്ക്കുമായി നൽകിയിട്ടുണ്ട്.ക്യാന്പ് രജിസ്റ്ററിൽ കുട്ടികളുടെ പേരുവിവരങ്ങൾ രേഖപ്പെടുത്തണമെന്നതാണ് ഇതിൽ പ്രധാനം. ക്യാന്പുകളിൽ എത്ര കുട്ടികളുണ്ടെന്നതിന്റെ കൃത്യമായ വിവരങ്ങൾ ലഭ്യമാക്കാനാണ് ഇത്.കുട്ടികളെ മാതാപിതാക്കൾക്കൊപ്പം ഒരേ ക്യാന്പിൽ തന്നെ താമസിപ്പിക്കണം. ദുരന്തത്തെ കുറിച്ചുള്ള ഓർമകൾ കുട്ടികളോട് വീണ്ടും വീണ്ടും ചോദിച്ച് ഭയപ്പെടുത്താതിരിക്കണമെന്ന കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
കുട്ടികൾക്ക് മാനസിക സാമൂഹിക പരിചരണം നൽകാൻ ആരോഗ്യവകുപ്പിന്റെ സേവനം തേടാവുന്നതാണ്.മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികളെ സംരക്ഷിക്കുകയും അവരെ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് മുൻപാകെ ഹാജരാക്കണമെന്നും പറയുന്നുണ്ട്. ആറുമാസത്തിന് താഴെയുള്ള കുട്ടികൾക്ക് മുലപ്പാൽ മാത്രം നൽകണമെന്നും അത് കുട്ടിക്ക് നൽകാൻ സ്വകാര്യ സ്ഥലം ക്യാന്പിൽ അമ്മമാർക്കായി ഒരുക്കണമെന്നതുമാണ് മറ്റൊരു പ്രധാന നിർദ്ദേശം.
ഭിന്നശേഷിയുള്ള കുട്ടികൾക്ക് പ്രത്യേക പരിഗണന നൽകണമെന്നും നിർദ്ദേശങ്ങളിൽ പറയുന്നു. ദുരന്തത്തിന്റെ തിക്താനുഭവത്തിൽ നിന്ന് മുക്തി നേടാൻ ശിശുസൗഹൃദ ഇടങ്ങൾ ക്യാന്പിനുള്ളിൽ സജ്ജമാക്കേണ്ടതാണ്. കുട്ടികൾക്ക് ആവശ്യമായ പോഷകാഹാരം ക്യാന്പിൽ ക്രമീകരിക്കണം. കുട്ടികൾക്ക് മാനസിക ഉല്ലാസത്തിന് വേണ്ട പരിപാടികൾ സംഘടിപ്പിക്കണം.
പെണ്കുട്ടികൾക്ക് ആവശ്യമായ സുരക്ഷ ക്യാന്പുകളിൽ ഉറപ്പുവരുത്തണമെന്നും ആർത്തവകാല ശുചിത്വത്തിനാവശ്യമായ സാനിറ്ററി നാപ്കിനുകളും അവയുടെ നിർമാർജന സൗകര്യവും ക്യാന്പിൽ ഉണ്ടാകണമെന്നും അഥോറിറ്റി കർശന നിർദ്ദേശം നൽകി.
കുട്ടികൾക്ക് ശാന്തമായ അന്തരീക്ഷം ക്യാന്പുകളിൽ ഒരുക്കണം. ബാലപീഡനം തടയുന്നതിനുള്ള മുൻകരുതലുകൾ കൈക്കൊള്ളണം. കഴിയുമെങ്കിൽ കുട്ടികൾക്ക് കളിക്കുന്നതിന് കളിപ്പാട്ടങ്ങളും വായിക്കാനുള്ള പുസ്തകങ്ങളും ക്യാന്പിൽ ലഭ്യമാക്കണം. പകർച്ച വ്യാധികൾ കുട്ടികൾക്ക് പെട്ടന്ന് പിടിപെടുമെന്നതിനാൽ പകർച്ചവ്യാധികളെ തടയാനുള്ള മുൻകരുതലെടുക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി നിർദ്ദേശിച്ചിട്ടുണ്ട്.
0
കുട്ടികൾ