തൃശൂർ: ചാവക്കാട് കോണ്ഗ്രസ് ബൂത്ത് പ്രസിഡന്റ് പുതുവീട്ടിൽ നൗഷാദിനെ ബൈക്കിലെത്തി വെട്ടിക്കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതി റിമാൻഡിൽ. എസ്ഡിപിഐ സജീവ പ്രവർത്തകനും പോപ്പുലർ ഫ്രണ്ട് മന്ദലാംകുന്ന് ഏരിയ പ്രസിഡന്റുമായ വടക്കേക്കാട് അവിയൂർ വാലിപറന്പിൽ ഫെബീറിനെയാണ് (30) ആണ് അറസ്റ്റുചെയ്തു കോടതി റിമാൻഡ് ചെയ്തത്.
നൗഷാദിനെ ബൈക്കിലെത്തി വെട്ടിവീഴ്ത്തിയ സംഘത്തിൽ ഉൾപ്പെട്ടയാളാണ് പിടിയിലായ ഫെബീർ. കൃത്യത്തിനുശേഷം വിവിധയിടങ്ങളിലായി ഒളിവിൽ കഴിഞ്ഞുവരികയായിരുന്നുവെന്നു പോലീസ് പറഞ്ഞു. ചങ്ങരംകുളത്തുനിന്നായിരുന്നു അറസ്റ്റ്.
കേസിലെ മറ്റൊരു പ്രതി എടക്കഴിയൂർ നാലാംകല്ല് സ്വദേശിയും എസ്ഡിപിഐ പ്രവർത്തകനുമായ മുബീറിനെ നേരത്തേ പോലീസ് അറസ്റ്റുചെയ്തിരുന്നു. മറ്റു പ്രതികളെക്കുറിച്ചുള്ള സൂചനകൾ ലഭിച്ചതായും മുഴുവൻ പ്രതികളും ഉടൻ അറസ്റ്റിലാവുമെന്നും ജില്ലാ ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണർ സി.ഡി. ശ്രീനിവാസൻ പറഞ്ഞു.
കുന്നംകുളം എസിപി ടി.എസ്. മനോജ്, ജില്ലാ ക്രൈംബ്രാഞ്ച് എസിപി എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസിൽ അന്വേഷണം നടത്തുന്നത്.