കണ്ണൂർ: കേന്ദ്ര ആഭ്യന്തര മന്ത്രാലത്തിന്റെ മികച്ച അന്വേഷണ മികവിനുള്ള മെഡലിന് കേരളത്തിൽനിന്നു തെരഞ്ഞെടുക്കപ്പെട്ട ഒൻപതു പേരിൽ തലശേരി ഡിവൈഎസ്പി കെ.വി. വേണുഗോപാലും. പ്രമാദമായ അഞ്ചു കൊലപാതകക്കേസുകൾ തെളിയിച്ചതിനുള്ള മികവിനാണ് അദ്ദേഹം മെഡലിന് അർഹത നേടിയത്. കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് ചീമേനി സ്വദേശിയായ കെ.വി.
വേണുഗോപാൽ നേരത്തെ തളിപ്പറന്പ്, കണ്ണൂർ എന്നിവിടങ്ങളിലും ഡിവൈഎസ്പിയായി പ്രവർത്തിച്ചിട്ടുണ്ട്. പഴയങ്ങാടിയിൽ അൽഫത്തീബി ജ്വല്ലറിയിൽനിന്ന് ഒരു കോടിയോളം രൂപ വില വരുന്ന സ്വർണാഭരണങ്ങൾ കവർച്ച ചെയ്ത കേസിലെ പ്രതികളെ പിടികൂടിയ അന്വേഷണ മികവിനും അദ്ദേഹത്തിന് നിരവധി അംഗീകാരം ലഭിച്ചിരുന്നു.
ഡിവൈഎസ്പി കെ.വി. വേണുഗോപാലിനു പുറമെ കമാൻഡന്റ് കെ.ജി. സിമൺ, എസ്പി എം.എൽ. സുനിൽ, എസ്ഐ വി. അനിൽ കുമാർ, അസി. പോലീസ് ചീഫ് എസ്. ഷംസുദ്ദീൻ, എസ്പി എസ്.ശശിധരൻ, ഡിവൈഎസ്പി ജലീൽ തോട്ടത്തിൽ, ഇൻസ്പെക്ടർ ബൈജു പൗലോസ്, എസ്ഐ എം.പി. മുഹമ്മദ് റാഫി എന്നിവരാണ് കേരളത്തിൽനിന്ന് മെഡലിന് അർഹരായവർ.
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽനിന്നായി സിബിഐ, എൻഐഎ, പോലീസ് തുടങ്ങിയ വിവിധ വിഭാഗങ്ങളിൽനിന്ന് 96 പേരാണ് ആഭ്യന്തര മന്ത്രാലത്തിന്റെ മെഡലിന് അർഹരായത്.