കുഞ്ഞുമോന്‍റെ മനസ് കുഞ്ഞല്ല… ഓണ സീസണിലേക്ക് വാങ്ങിയ ഡ്രസുകൾ മുഴുവനും പ്രളയ സഹായമായി നൽകി; കഴിഞ്ഞ പ്രളയം ആലപ്പുഴയ്ക്ക് ഏൽപ്പിച്ച ദുരന്തം മറക്കാനാവില്ല ; എടത്വാക്കാരന്‍റെ നല്ല മനസിന് അഭിനന്ദനവുമായി നിരവധി പേർ

ദുരിതാശ്വാസ ക്യാമ്പിലേക്ക് വസ്ത്രങ്ങള്‍ ചോദിച്ചെത്തിയവര്‍ക്ക് ചാക്കുകണക്കിന് തുണികള്‍ നല്‍കുന്ന നൗഷാദിന്റെ പാത പിന്തുടര്‍ന്ന് കുഞ്ഞുമോനും. എടത്വ മരിയ ലേഡീസ് ആന്‍ഡ് കിഡ്‌സ് ഉടമ ആശാരിപറമ്പില്‍ കുഞ്ഞുമോനാണ് പ്രളയസഹായം ചോദിച്ചെത്തിയ ഒരു പറ്റം ചെറുപ്പക്കാരെ അമ്പരപ്പിച്ചത്. തിങ്കളാഴ്ച രാവിലെ പ്രളയസഹായം നല്‍കാനായി വസ്ത്രങ്ങള്‍ ചോദിച്ച് കടയിലെത്തിയവര്‍ക്ക് കടയിലെ ഷെല്‍ഫില്‍ നിന്നും വസ്ത്രങ്ങള്‍ എടുത്ത് മൂന്നുകിറ്റ് നിറയെ നല്‍കി.

ഉച്ചകഴിഞ്ഞ് സോഷ്യല്‍ മീഡിയയിലൂടെ തരംഗമായി മാറിയ നൗഷാദിന്റെ പ്രവൃത്തി കണ്ട് കുഞ്ഞുമോന് വീണ്ടും പ്രചോദനവുമാവുകയും എടത്വയില്‍ നിന്ന് മലബാറിലേക്ക് പ്രളയസഹായവുമായി പോവുന്ന സിജോ സെബാസ്റ്റ്യന്‍ മൂന്നുപറയിലിന്റെ നേതൃത്വത്തിലുള്ള സംഘത്തെ വൈകുന്നേരം വീണ്ടും കടയിലേക്ക് വിളിച്ചു വരുത്തുകയും ഓണക്കച്ചവടത്തിനായി കടയിലെത്തിച്ച തുണികളില്‍ നിന്ന് 19 ഓളം വലിയ കിറ്റു നിറയെ നിരവധി തുണികള്‍ നല്‍കുകയുമായിരുന്നു.

ഈ പ്രവൃത്തി കണ്ട് അമ്പരന്ന സുഹൃത്തുകള്‍ തന്നെ വീഡിയോ എടുത്ത് സോഷ്യല്‍ മീഡിയയില്‍ ഇട്ടതോടെ കുഞ്ഞുമോന് അഭിനന്ദനങ്ങളുമായി നിരവധി പേരാണ് കടയിലെത്തുന്നത്.

Related posts