മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് പുരുഷ ടീം മുഖ്യപരിശീലകനായുള്ള അന്തിമ പട്ടിക ബിസിസിഐ പുറത്തുവിട്ടു. നിലവിലെ പരിശീലകൻ രവിശാസ്ത്രി ഉൾപ്പെടെ ആറ് പേരാണ് അവസാന പട്ടികയിൽ ഉള്ളത്. വെള്ളിയാഴ്ച ബിസിസിഐയും മുംബൈയിലെ ആസ്ഥാനത്ത് ഇവരുടെ മുഖാമുഖം നടക്കും. ഇന്ത്യൻ മുൻ ക്യാപ്റ്റൻ കപിൽ ദേവിന്റെ നേതൃത്വത്തിലുള്ള ക്രിക്കറ്റ് അഡ്വൈസറി കമ്മിറ്റിയാണ് (സിഎസി) മുഖാമുഖം നടത്തുന്നത്.
അൻശുമാൻ ഗെയ്ക്വാദ്, ശാന്ത രംഗസ്വാമി എന്നിവരാണ് സിഎസിയിൽ കപിൽ ദേവിനൊപ്പമുള്ളത്. മുഖ്യപരിശീലകൻ, ബാറ്റിംഗ് പരിശീലകൻതുടങ്ങി ഏഴ് സ്ഥാനങ്ങളിലേക്കാണ് ബിസിസിഐ അപേക്ഷ ക്ഷണിച്ചത്. അന്തിമപട്ടികയിലുള്ളവർ:
1. രവി ശാസ്ത്രി
2017 ജൂലൈ മുതൽ രവി ശാസ്ത്രിയാണ് ഇന്ത്യൻ മുഖ്യപരിശീലകൻ. 2015-16ൽ ഇന്ത്യൻ ടീം ഡയറക്ടറായി എട്ട് മാസം പ്രവർത്തിച്ചതാണ് 2017ൽ അദ്ദേഹത്തിനു ഗുണമായത്. 2019 ലോകകപ്പോടെ രവി ശാസ്ത്രിയുടെ കരാർ കാലാവധി തീർന്നെങ്കിലും ബിസിസിഐ 45 ദിവസത്തേക്കുകൂടി നീട്ടി നല്കി. അനിൽ കുംബ്ലെ x വിരാട് കോഹ്ലി പ്രശ്നത്തെത്തുടർന്നാണ് ഇന്ത്യൻ മുൻ താരമായ രവി ശാസ്ത്രി പരിശീലക സ്ഥാനത്ത് എത്തിയത്. പരിശീലക സ്ഥാനത്ത് തുടരാൻ ഇത്തവണയും രവി ശാസ്ത്രിക്കാണ് സാധ്യത കൽപ്പിക്കുന്നത്. എട്ട് കോടി രൂപയാണ് ശാസ്ത്രിയുടെ വാർഷിക പ്രതിഫലം. ഇന്ത്യക്കായി 80 ടെസ്റ്റും 150 ഏകദിനവും കളിച്ചിട്ടുണ്ട്.
2. ലാൽചന്ദ് രജ്പുട്ട്
2007 പ്രഥമ ട്വന്റി-20 ലോകകപ്പിൽ ഇന്ത്യ കിരീടം സ്വന്തമാക്കിയപ്പോൾ ലാൽചന്ദ് രജ്പുട്ടായിരുന്നു ടീമിന്റെ മാനേജർ. രണ്ട് ടെസ്റ്റും നാല് ഏകദിനവും മാത്രമാണ് ഇന്ത്യക്കായി കളിച്ചിട്ടുള്ളത്. ഐപിഎലിൽ 2008 ൽ മുംബൈ ഇന്ത്യൻസിന്റെ പരിശീലകനായി. മുംബൈ x കിംഗ്സ് ഇലവൻ പഞ്ചാബ് മത്സരത്തിനിടെ ഹർഭജൻ സിംഗ് മലയാളി താരമായ ശ്രീശാന്തിന്റെ മുഖത്തടിച്ചപ്പോൾ രജ്പുട്ട് ചിരിക്കുന്ന ദൃശ്യം വൻവിവാദമായിരുന്നു. 2016ൽ ഇൻസമാം ഉൾ ഹഖിനു പകരമായി അഫ്ഗാനിസ്ഥാൻ പരിശീലകനായി. രജ്പുട്ടിന്റെ കീഴിലാണ് അഫ്ഗാനിസ്ഥാൻ ഐസിസിയുടെ സ്ഥിരാംഗത്വം നേടിയത്. 2018 മേയിൽ സിംബാബ്വെയുടെ പരിശീലകനായി. ഗ്ലോബൽ ട്വന്റി-20 കാനഡ ലീഗിലെ വിന്നിപെഗ് ഹോക്ക്സിന്റെ പരിശീലകനാണ്.
3. റോബിൻ സിംഗ്
ഇന്ത്യക്കായി ഒരു ടെസ്റ്റും 136 ഏകദിനവും കളിച്ച, മികച്ച ഫീൽഡർ കൂടിയായ ഓൾ റൗണ്ടറായിരുന്നു റോബിൻ സിംഗ്. രാജ്യാന്തര ക്രിക്കറ്റിൽനിന്ന് വിരമിച്ചതിനു പിന്നാലെ 2004ൽ അണ്ടർ 19 ടീമിന്റെ പരിശീലകനായി. ഹോങ്കോംഗിനെ പരിശീലിപ്പിച്ച് 2004 ഏഷ്യകപ്പിനുള്ള യോഗ്യത നേടിക്കൊടുത്തു. 2006ൽ ഇന്ത്യൻ എ ടീമിന്റെ പരിശീലകനായി. ഗൗതം ഗംഭീർ, റോബിൻ ഉത്തപ്പ എന്നിവരെ അക്കാലത്ത് പരിശീലിപ്പിച്ചു. 2007-08ൽ ഇന്ത്യൻ സീനിയർ ടീമിന്റെ ഫീൽഡിംഗ് പരിശീലകനായി. ഐപിഎൽ ടീമായിരുന്ന ഡക്കാണ് ചാർജേഴ്സിന്റെ പ്രഥമപരിശീലകനാണ്.
2010ൽ മുംബൈ ഇന്ത്യൻസിന്റെ മുഖ്യപരിശീലകനായി. മുംബൈ ഐപിഎൽ ആദ്യമായി ഫൈനലിലെത്തിയതും കിരീടം നേടിയതും റോബിൻ സിംഗിന്റെ പരിശീലനത്തിനു കീഴിലായിരുന്നു.
4. ഫിൽ സിമോണ്‍സ്
വെസ്റ്റ് ഇൻഡീസിനായി 26 ടെസ്റ്റും 143 ഏകദിനവും കളിച്ച താരമാണ് ഫിൽ സിമോണ്‍സ്. 2004ൽ സിംബാബ്വെയുടെ പരിശീലകനായാണ് തന്ത്രജ്ഞ റോളിലെ അരങ്ങേറ്റം. 2007 ലോകകപ്പിൽ അയർലൻഡിനെ പരിശീലിപ്പിച്ചു. അദ്ദേഹത്തിന്റെ ശിക്ഷണത്തിനു കീഴിൽ പാക്കിസ്ഥാനെയും ബംഗ്ലാദേശിനെയും അയർലൻഡ് കീഴടക്കി. 2015ൽ വെസ്റ്റ് ഇൻഡീസിന്റെ പരിശീലകനായി. 2016ൽ വിൻഡീസിനെ ട്വന്റി-20 ലോകകപ്പ് കിരീടത്തിലേക്ക് കൈപിടിച്ചു. 2017ൽ അഫ്ഗാനിസ്ഥാന്റെ പരിശീലകനായി.
5. ടോം മൂഡി
ഓസ്ട്രേലിയയ്ക്കായി എട്ട് ടെസ്റ്റും 76 ഏകദിനവും കളിച്ചതാരമാണ് ടോം മൂഡി. 2005ൽ ശ്രീലങ്കയുടെ പരിശീലകനായി ചുമതലയേറ്റു. 2007ൽ ലങ്ക ലോകകപ്പ് ഫൈനലിലെത്തിയത് മൂഡിയുടെ പരിശീലനത്തിനു കീഴിലായിരുന്നു. ഇന്ത്യൻ പ്രീമിയർ ലീഗിൽ കിംഗ്സ് ഇലവൻ പഞ്ചാബ്, സണ്‍റൈസേഴ്സ് ഹൈദരാബാദ് എന്നിവയുടെ പരിശീലകനായി. 2016ൽ ഹൈദരാബാദ് ഐപിഎൽ കിരീടം നേടിയത് ഇദ്ദേഹത്തിന്റെ ശിക്ഷണത്തിലാണ്.
6. മൈക്ക് ഹേസണ്‍
ന്യൂസിലൻഡുകാരനായ മൈക്ക് ഹേസണ്‍ കെനിയ, അർജന്റീന ടീമുകളുടെ പരിശീലകനായ ശേഷം 2012ൽ ന്യൂസിലൻഡിന്റെ ഹെഡ് കോച്ച് ആയി. ന്യൂസിലൻഡിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച കാലഘട്ടമായിരുന്നു ഹേസണിനു കീഴിലുണ്ടായത്. 2015ൽ ന്യൂസിലൻഡ് ചരിത്രത്തിൽ ആദ്യമായി ഏകദിന ലോകകപ്പ് ഫൈനലിൽ എത്തി. 2019 ലോകകപ്പ് വരെ കാലാവധി ഉണ്ടായിരുന്നെങ്കിലും 2018 ജൂണിൽ കിവീസ് പരിശീലക സ്ഥാനം രാജിവച്ചു. ഐപിഎലിൽ കിംഗ്സ് ഇലവൻ പഞ്ചാബിന്റെ പരിശീലകനായിരുന്നു. ഈ മാസം എട്ടിന് പഞ്ചാബിൽനിന്ന് പടിയിറങ്ങി. പാക് പരിശീലകനായേക്കുമെന്നും ശ്രുതിയുണ്ട്.