കോഴിക്കോട്: കാലവര്‍ഷത്തെ തുടര്‍ന്നുണ്ടായ സംസ്ഥാനത്തെ ദുരിതബാധിത പ്രദേശം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി കേന്ദ്രമന്ത്രി വി.മുരളീധരന് 16ന് കേരളത്തിലെത്തും. വയനാടും മലപ്പുറത്തുമുള്ള ദുരന്തമേഖലയില്‍ സന്ദര്‍ശനം നടത്തുകയും കാര്യങ്ങള്‍ വിലയിരുത്തുന്നതിനുമായാണ് അദ്ദേഹം കേരളത്തിലെത്തുന്നതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരന്‍പിള്ള “രാഷ്ട്ര ദീപിക’യോട് പറഞ്ഞു.
രാജ്യത്തെവരെ നടുക്കിയ പ്രകൃതിക്ഷോഭമുണ്ടായിട്ടും കേന്ദ്രമന്ത്രിമാര്‍ കേരളത്തില്‍ സന്ദര്‍ശനം നടത്താത്തതുമായി ബന്ധപ്പെട്ട് വിവാദം നിലനില്‍ക്കെയാണ് വി.മുരളീധരന് 16ന് സന്ദര്‍ശനം നടത്താന്‍ തീരുമാനിച്ചത്.
പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും മറ്റു മുതിര്‍ന്ന കേന്ദ്രമന്ത്രിമാരും വാക്കുകള്‍കൊണ്ടുപോലും കേരളത്തിന് ആശ്വാസം പകരാതിരുന്നതിനെതിരേ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. പ്രളയദുരിതം കേരളത്തെ അപേക്ഷിച്ച് കുറവായ കര്‍ണാടകയിലും മഹാരാഷ്ട്രയിലും ആഭ്യന്തരമന്ത്രി അമിത്ഷായും നിര്‍മലാ സീതാരാമനും പര്യടനം നടത്തിയിരുന്നു. എന്നാല്‍ തൊട്ടടുത്തുള്ള കേരളത്തില്‍ സന്ദര്‍ശിച്ചിരുന്നില്ല.
രാഹുല്‍ഗാന്ധി വരെ വയനാടും മലപ്പുറത്തും എത്തിയിട്ടും കേന്ദ്രമന്ത്രിസഭയിലെ ഏക മലയാളിയായ വി.മുരളീധരന് സന്ദര്‍ശിക്കാത്തതും ഏറെ വിവാദമുയര്‍ത്തിയിരുന്നു. ഈ സാഹചര്യങ്ങള്‍ നിലനില്‍ക്കെയാണ് മുരളീധരന് കേരളത്തില്‍ എത്തുന്നുണ്ടെന്ന് ബിജെപി ഔദ്യോഗികമായി അറിയിച്ചത്.
അതേസമയം,കേന്ദ്രമന്ത്രിമാരുടെ കേരള സന്ദര്‍ശനം ഇപ്പോള്‍ വിവാദമാക്കേണ്ട വിഷയമല്ലെന്ന് ശ്രീധരന്‍പിള്ള പറഞ്ഞു. ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കേണ്ട സമയമാണിത്. മന്ത്രിമാര്‍ സന്ദര്‍ശിക്കാത്തതും മറ്റും രാഷ്ട്രീയമായി കാണേണ്ടതില്ല. കേരളത്തിന് 52 കോടി രൂപ അടിയന്തിരസഹായം നല്‍കിയിട്ടുണ്ട്.
അത് ചെലവഴിക്കുന്നതുമായി ബന്ധപ്പെട്ടുള്ള മറ്റു കാര്യങ്ങളെക്കുറിച്ചൊന്നും ഇപ്പോള്‍ ചിന്തിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രളയദുരന്തമുണ്ടായ സംസ്ഥാനങ്ങളില്‍ വ്യോമനിരീക്ഷണം നടത്തിയ അമിത്ഷാ കേരളത്തെ ഒഴിവാക്കിയത് ബോധപൂര്‍വമാണെന്നായിരുന്നു കഴിഞ്ഞ ദിവസം സിപിഎം പോളിറ്റ്ബ്യൂറോ വിമര്‍ശിച്ചത്.
എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ വേണ്ട വിധത്തില്‍ റിപ്പോര്‍ട്ട് ചെയ്യാത്തതിനാലാണ് കേന്ദ്രമന്ത്രിമാര്‍ ദുരിതസ്ഥലങ്ങള് സന്ദര്‍ശിക്കാത്തതെന്നായിരുന്നു ശ്രീധരന്‍പിള്ള വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയത്.