എം.ജെ ശ്രീജിത്ത്
തിരുവനന്തപുരം: ദുരന്തബാധിത മേഖലകളിൽ എലിപ്പനി പടർന്നു പിടിക്കാതിരിക്കാൻ മുൻകരുതലായി കഴിക്കുന്നതിനുള്ള പ്രതിരോധ മരുന്നായ ഡോക്സി സൈക്ലിന്‍ കടുത്ത ക്ഷാമം. രക്ഷാപ്രവർത്തനത്തിനായി വെള്ളത്തിൽ ഇറങ്ങുന്നവർ 12 മണിക്കൂറിന് മുന്‍പായി കഴിക്കേണ്ട ഗുളികയാണ്. ക്യാന്പുകളിൽ കഴിയുന്നവർക്കും മുൻകരുതലായി കഴിക്കേണ്ട മരുന്നാണ്. വെള്ളത്തിലൂടെയാണ് എലിപ്പനി പടർന്നു പിടിക്കുന്നത്. പ്രളയം കാരണം സംസ്ഥാനം മുഴുവൻ വെള്ളക്കെട്ടാണ്.
എലിപ്പനി പടർന്നു പിടിക്കാനുള്ള സാഹചര്യം വളരെ കൂടുതലാണ്. സംസ്ഥാനത്ത് രണ്ടര ലക്ഷത്തോളം പേർ ദുരിതാശ്വാസ ക്യാന്പുകളിൽ കഴിയുകയാണ്. ഇവർക്കെല്ലാം പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി ഈ ഗുളിക നൽകണം. ഈ ഗുളികയ്ക്കാണ് കടുത്ത ക്ഷാമം നേരിട്ടിരിക്കുന്നത്. ഈ ഗുളിക നിലവിൽ തിരുവനന്തപുരം കൊല്ലം ജില്ലകളിലാണ് ആവശ്യത്തിനുള്ളത്.
തൃശൂർ ആലപ്പുഴ,വയനാട്, കോഴിക്കോട് അടക്കമുള്ള ജില്ലകളിൽ ആവശ്യത്തിന് സ്റ്റോക്കില്ല. സംസ്ഥാനത്തും ആശുപത്രികളിൽ ഈ ഗുളിക വിതരണം ചെയ്യുന്നത് മെഡിക്കൽ സർവീസ് കോർപറേഷനാണ്.ഡോക്സി സൈക്ലിന്‍ ക്ഷാമം ഉണ്ടാകുമെന്ന സൂചന ലഭിച്ചതോടെ അടിയന്തര സാഹചര്യം നേരിടാൻ സംസ്ഥാനത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലടക്കം സ്റ്റോക്കു ചെയ്തിരിക്കുന്ന ഡോക്സി സൈക്ലിൻ ഗുളികൾ തിരിച്ചെടുത്ത് പ്രളയമേഖലകളിൽ വിതരണം ചെയ്യാൻ മെഡിക്കൽ സർവീസ് കോർപറേഷൻ തീരുമാനിക്കുകയും നടപടികൾ ഇന്നലെ മുതൽ തുടങ്ങുകയും ചെയ്തു.
പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ നിന്നു ഡോക്സി സൈക്ലിൻ ഗുളിക തിരിച്ചെടുക്കുന്നതോടെ ഇവിടെങ്ങളിലും ക്ഷാമം അനുഭവപ്പെടും. ഇതു ഉടൻ പരിഹരിക്കാനുള്ള സാധ്യത ആലോചിക്കുകയാണ് ആരോഗ്യവകുപ്പ്. പുതിയ ഗുളികയ്ക്കായി ടെണ്ടർ വിളിച്ചിട്ടേയുള്ളു.
ടെണ്ടർ നടപടികൾ പൂർത്തിയായി വരാൻ ദിവസങ്ങളെടുക്കും. ടെണ്ടർ നടപടികൾ ലഘൂകരിച്ചാൽ മാത്രമെ അടിയന്തരമായി ഈ ഗുളിക മെഡിക്കൽ സർവീസ് കോർപറേഷന് ലഭിക്കു. മരുന്നു ക്ഷാമം ഉണ്ടാകുമെന്ന റിപ്പോർട്ട് ആരോഗ്യവകുപ്പ് മന്ത്രിയ്ക്ക് ഉടൻ കൈമാറും.