കോതമംഗലം: മഴ കനത്തതിനെ തുടർന്ന് കോതമംഗലം താലൂക്കിൽ കടവൂർ, കുട്ടമ്പുഴ, നേര്യമംഗലം വില്ലേജുകളിലെ മലയോര മേഖലകളിൽ താമസിക്കുന്നവർക്ക് അതീവ ജാഗ്രത നിർദ്ദേശം. ശക്തമായ മഴയ്ക്കും മലയിടിച്ചലിനും ഉരുൾപ്പൊട്ടലിനുമുള്ള സാധ്യത മുന്നിൽ കണ്ട് കടവൂർ വില്ലേജിലെ 60 വീട്ടുകാർക്ക് ജില്ലാ കളക്ടറുടെ നിർദ്ദേശാനുസരണം അപകട മുന്നറിയിപ്പ് നൽകി കൊണ്ട് കടവൂർ വില്ലേജാഫീസിൽ നിന്നും നോട്ടീസ് നൽകി. 40 കുടുംബങ്ങളെ കടവൂർ വി എച്ച് എസ് ഇ യിലേക്ക് മാറ്റിപ്പാർപ്പിച്ചു.
20 വീട്ടുകാർ ബന്ധുവീടുകളിലേക്കു മാറി. നാലാം ബ്ലോക്കിൽ മുമ്പ് ഉരുൾപൊട്ടലുണ്ടായ സ്ഥലത്തും മണിപ്പാറയിലും അപകട മേഖലയിൽ താമസിക്കുന്നവരെ സുരക്ഷിതമായി മാറ്റി താമസിപ്പിക്കുന്നതിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായാണ് കടവൂർ ഗവ.ഹൈസ്ക്കൂളിൽ ക്യാമ്പ് തുറന്നത്. മണിപ്പാറയിലെ മലയിൽ കഴിഞ്ഞ മഴക്കാലത്ത് വൻ ഗർത്തം രൂപപ്പെട്ടത് നാട്ടുകാരിൽ ഭീതിവിതച്ചു.
നേര്യമംഗലത്ത് 46 ഏക്കർ ഭാഗത്ത് നിന്നും 11 കുടുംബങ്ങളെ നേര്യമംഗലം ഹയർ സെക്കൻഡറി സ്കൂളിലേക്കു മാറ്റി പാർപ്പിച്ചു. ഇവിടെ കഴിഞ്ഞ വർഷവും മണ്ണിടിച്ചിൽ ഭീഷണി ഉണ്ടായിരുന്നു. കുട്ടമ്പുഴ പഞ്ചായത്തിൽ ഉരുൾപൊട്ടൽ സാധ്യത കണക്കിലെടുത്ത് ജാഗ്രതാ നിർദ്ദേശം നൽകി. കുട്ടമ്പുഴ ക്ണാച്ചേരിയിൽ കഴിഞ്ഞ പ്രളയകാലത്ത് ഉരുൾപൊട്ടിയിരുന്നു. തുടർന്ന് ഏതാനും ദിവസങ്ങൾക്കുള്ളിൽ മലയിൽ വിള്ളലും രൂപപ്പെട്ടിരുന്നു.
കഴിഞ്ഞ ആഴ്ചയിൽ തലവച്ച പാറയിലുണ്ടായ ഉരുൾപൊട്ടലിൽ കല്ലേലിമേട്, തലവെച്ചപാറ പ്രദേശങ്ങളിൽ വൻ നാശം ഉണ്ടായിരുന്നു. കുട്ടമ്പുഴ പഞ്ചായത്തിലെ ആദിവാസി മേഖല ഉൾപടെ നിരവധി സ്ഥലങ്ങളിൽ ഉരുൾപൊട്ടലിന് സാധ്യതയുള്ളതായാണ് അധികൃധർ മുന്നറിയിപ്പ് നൽകുന്നത്.
ദുരന്ത സാധ്യത കണക്കിലെടുത്ത് വേണ്ട മുൻകരുതൽ എല്ലാം ക്രമീകരിച്ചിട്ടുണ്ടെന്ന് കോതമംഗലം തഹസിൽദാർ അറിയിച്ചു. എന്നാൽ, താലൂക്കിൽ രാത്രിയും രാവിലെയും മഴ കുറഞ്ഞ് നിൽക്കുന്നത് ആശങ്ക ലഘൂകരിച്ചിട്ടുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തിൽ ദുരന്ത സാധ്യതകൾ കുറഞ്ഞിട്ടുണ്ട് എന്നാണ് അനുമാനം.