ചെറായി: കഞ്ചാവ് ലഹരിയിൽ ആശുപത്രിയിലും ബീച്ചിലും പരാക്രമം കാണിച്ച സൗത്ത് പുതുവൈപ്പ് സ്വദേശിയായ 22 കാരൻ എത്തിയത് എറണാകുളം സെൻട്രൽ സ്റ്റേഷൻ പരിധിയിൽനിന്നും മോഷണം പോയ ബൈക്കുമായെന്ന് പോലീസ്.
ഒപ്പം മറ്റൊരു യുവാവും കൂടെയുണ്ടായിരുന്നെങ്കിലും ഇയാൾ ആശുപത്രിയിലെ സംഭവങ്ങൾക്കിടെ മുങ്ങിയത്രേ.സംഭവത്തിൽ യുവാവിനെതിരേ കുഴുപ്പിള്ളി മെഡിക്കൽ ട്രസ്റ്റ് ആശുപത്രി അധികൃതർ മുനന്പം പോലീസിനു പരാതിനൽകിയിട്ടുണ്ട്. തിങ്കളാഴ്ച വൈകുന്നേരം കുഴുപ്പിള്ളി ബീച്ചിലും മെഡിക്കൽ ട്രസ്റ്റ് ആശുപത്രിവളപ്പിലുമായിരുന്നു സംഭവങ്ങൾ അരങ്ങേറിയത്.
ആശുപത്രിയിലെ സെക്യൂരിറ്റിയുൾപ്പെടെ മൂന്ന് പേരെ കത്രികക്കും, ബ്ലേഡിനും വരഞ്ഞ് മുറിവേൽപ്പിക്കുകുയം പോലീസിനെ ആക്രമിക്കുകയും ചെയ്ത യുവാവിനെ ബന്ധുക്കളെത്തി പോലീസിന്റെയും നാട്ടുകാരുടെയും സഹായത്താൽ ബന്ധിച്ച് നേരെ തൃശൂരിലെ ഡീ അഡിക്ഷൻ സെന്ററിലേക്ക് കൊണ്ടുപോകുകയാണ് ചെയ്തത്.