അഡൂർ(കാസർഗോഡ്): കാസർഗോഡ് ദേലംപാടി പഞ്ചായത്തിലെ അഡൂരിൽ നിർമാണത്തിലിരിക്കുന്ന വീട്ടിൽ മലപ്പുറം സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ഒഴിയുന്നില്ല. മരിച്ചത് മലപ്പുറം ചെറുവണ്ണൂർ സ്വദേശി പാറമേൽ ലത്തീഫ് (45) ആണെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞു.
വളവന്നൂർ സർവീസ് സഹകരണ ബാങ്കിലെ പിഗ്മി കളക്ഷൻ ഏജൻറാണ് ലത്തീഫ്. ഓഗസ്റ്റ് ഏഴിന് രാവിലെ മുതൽ ഇയാളെ കാണ്മാനില്ലെന്ന് കാണിച്ച് വീട്ടുകാർ മലപ്പുറം കൽപ്പകശേരി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. എട്ടാം തീയതി ഇയാളുടെ മൊബൈൽ ഫോൺ ലൊക്കേഷൻ കാസർഗോഡ് അഡൂർ എന്ന് സൈബർ സെൽ കണ്ടെത്തിയിരുന്നു.
ഒമ്പതിന് കാസർഗോഡ് ടൗണിൽ നിന്നും ഇയാൾ മകൻ നിയാസിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നു. പിന്നീട് ഫോൺ സ്വിച്ച് ഓഫ് ആയ നിലയിലായിരുന്നു. ലത്തീഫിന് കാസർഗോട്ട് ബന്ധുക്കളോ സുഹൃത്തുക്കളോ ഇല്ല. പിന്നെന്തിനാണ് ഇയാൾ കാസർഗോട്ടെത്തിയതെന്ന കാര്യത്തിലാണ് ദുരൂഹത തുടരുന്നത്.
ചൊവ്വാഴ്ച അഡൂർ ഇറുഞ്ചിയിലെ പ്രവാസിയായ റൗഫിന്റെ നിർമാണത്തിലിരിക്കുന്ന വീട്ടിലെ ഒന്നാം നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. അഞ്ചു ദിവസം പഴക്കമുള്ള മൃതദേഹം പൂർണമായും പുഴുവരിച്ച നിലയിലായിരുന്നു. വയറിനു ചുറ്റും ചകിരികയർ കൊണ്ട് വരിഞ്ഞുമുറുക്കിയ നിലയിലാണ്. റൗഫ് ഗൾഫിലാണ്.
മരണംകൊലപാതകമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ആദൂർ സി ഐ കെ.പ്രേം സദനാണ് അന്വേഷണ ചുമതല. ആമിനയാണ് മരിച്ച ലത്തീഫിന്റെ ഭാര്യ. മക്കൾ: നിയസ്, നുഹ്ഷ, ഫാത്തിമ. സഹോദരങ്ങൾ: മുസ്തഫ, സുബൈർ, നാസർ, സുബൈദ, ജമീല, കുഞ്ഞാമിന