പ്രളയകാലത്ത് താൻ കേരളത്തിനു വേണ്ടി ഒന്നും ചെയ്തില്ല എന്ന വിമർശനങ്ങൾക്ക് കൃത്യമായി മറുപടി പറഞ്ഞ് നടി നിത്യ മേനോൻ. നിങ്ങൾ കാണുന്നില്ല എന്നതിന്റെ അർത്ഥം ഞാൻ ഒന്നും ചെയ്യുന്നില്ല എന്നല്ലെന്ന് നിത്യ മേനോൻ പറഞ്ഞു. നിത്യ അഭിനയിച്ച ബോളിവുഡ് ചിത്രം മിഷൻ മംഗൾ ഓഗസ്റ്റ് 15ന് തിയേറ്ററിൽ എത്തുകയാണ്. ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികളുടെ ഭാഗമായി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങൾക്ക് താഴെയാണ് പലരും വിമർശനവുമായി എത്തിയത്.
എന്നാൽ താൻ ചെയ്യുന്ന എല്ലാ കാര്യങ്ങളും ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യാറില്ലെന്നും, അത്തരം പബ്ലിസിറ്റിക്ക് വേണ്ടിയാണ് നിങ്ങൾ ഒരാളെ സഹായിക്കുന്നതെങ്കിൽ അതിൽ അർത്ഥമില്ലെന്നും നിത്യ മേനോൻ പറഞ്ഞു. മറ്റുള്ളവരെ വിമർശിക്കുന്നതിന് മുന്പ് ഒരിക്കലെങ്കിലും താൻ എന്തു ചെയ്തു എന്ന് അവനവനോട് ചോദിക്കണമെന്നും ഇത് ചോദിച്ചാൽ ഒരിക്കലും മറ്റുള്ളവരുടെ നേരെ വിരൽ ചൂണ്ടാൻ നിങ്ങൾക്ക് സാധിക്കില്ലെന്നും നിത്യ മേനോൻ പറഞ്ഞു.
സിനിമ പ്രമോഷൻ എന്നത് താൻ ചെയ്യുന്ന ജോലിയുടെ ഭാഗമാണെന്നും അത് തനിക്ക് ചെയ്തേ പറ്റൂവെന്നും അതിന് ആരും പ്രത്യേകിച്ച് പണമൊന്നും തരുന്നില്ലെന്നും നിത്യ പറഞ്ഞു. ഇന്ത്യയുടെ ചൊവ്വാ ദൗത്യം മംഗൾയാന്റെ കഥ പറയുന്ന മിഷൻ മംഗളിലൂടെ ബോളിവുഡിൽ അരങ്ങേറ്റം നടത്തുകയാണ് നിത്യ. ഐഎസ്ആർഒയിലെ ഒരു സാറ്റലൈറ്റ് ഡിസൈനറായാണ് നിത്യ ചിത്രത്തിലെത്തുന്നത്.
തനിക്ക് വളരെ മികച്ച അനുഭവമാണ് ബോളിവുഡിൽ ലഭിച്ചത്. ആദ്യ സിനിമ മിഷൻ മംഗൾ ആയതിൽ ഞാൻ വളരെ സന്തോഷവതിയാണ്. നല്ല സിനിമകളുടെ ഭാഗമാകണമെന്ന് എപ്പോഴും ആഗ്രഹിക്കുന്നതാണ്. ഇത് വളരെ നല്ല അനുഭവമാണ് എന്നുമായിരുന്നു ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചിനിടെ നിത്യ പറഞ്ഞത്.
അക്ഷയ് കുമാർ, വിദ്യ ബാലൻ, തപ്സി പന്നു, സൊനാക്ഷി സിൻഹ, കൃതി കുൽഹാരി, ശർമൻ ജോഷി എന്നിങ്ങനെ വൻ താരനിരയുണ്ട് “മിഷൻ മംഗൾ’ ചിത്രത്തിൽ. ഇന്ത്യയുടെ ചൊവ്വാദൗത്യത്തെ ആസ്പദമാക്കിയാണ് സിനിമ.
അസാധ്യമെന്ന് കരുതിയ ഒരു വലിയ ദൗത്യം സാധ്യമാക്കിയ ശാസ്ത്രജ്ഞരുടെ നിശ്ചയദാർഢ്യവും അധ്വാനവുമെല്ലാം ചേർത്താണ് സിനിമ ഒരുക്കിയിരിക്കുന്നത്. ജഗൻ സാക്ഷിയാണ് “മിഷൻ മംഗളി’ന്റെ സംവിധായകൻ. ഫോക്സ് സ്റ്റാർ സ്റ്റുഡിയോയും കേപ് ഓഫ് ഗുഡ് ഫിലിംസും സംയുക്തമായി ചേർന്നാണ് ചിത്രം നിർമിക്കുന്നത്.